ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തും; മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും

പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക.

മകരവിളക്കിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കും. ഇതിനിടയിലും തീര്‍ത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

അതേസമയം മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്റ ഓർമ്മ പുതുക്കലാണ് പേട്ടതുള്ളൽ.

എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച് പേട്ടതുള്ളല്‍  വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്.