നിയോസ് തടാകം

രാജേഷ്. സി.

32 വർഷങ്ങൾക്കു മുൻപ് ഒരു സന്ധ്യാ സമയം. വടക്കു പടിഞ്ഞാറൻ കാമറൂണിലെ സുബും (Subum) ഗ്രാമത്തിൽ അന്ന് ചന്ത ദിവസം ആയിരുന്നു. നല്ല ഫലഭൂയിഷ്ഠമായ മണ്ണും ഇടതിങ്ങി വളരുന്ന മരങ്ങളും അടങ്ങിയ ആ വനമേഖലയിൽ താമസിച്ചിരുന്ന ആളുകൾ തങ്ങളുടെ കൃഷിയുല്പന്നങ്ങൾ അന്നേ ദിവസം ആ ചന്തയിൽ വിറ്റഴിച്ചു. വെകുന്നേരമായപ്പോഴേക്കും ജോസഫ് (Joseph Nkwain) നന്നേ ക്ഷീണിച്ചിരുന്നു. വീട്ടിലെത്തി അത്താഴവും കഴിച്ചു ഉറങ്ങാൻ കിടന്ന ജോസഫ് ഇടയ്ക്കെപ്പോഴോ ഞെട്ടിയുണർന്നു. തന്നെ വെളുത്ത പുക പോലെ എന്തോ ഒന്ന് ആവരണം ചെയ്തിരിക്കുന്നത് ജോസഫ് കണ്ടു. അയാൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. വായ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.


തൊട്ടടുത്ത ഉറങ്ങിക്കിടന്നിരുന്ന മകൾ ഭയാനകമാം വിധം ശ്വാസം ആഞ്ഞു വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ജോസഫ് ഒരു വിധത്തിൽ എണീറ്റ് നിന്നെങ്കിലും വീണു പോയി. പിറ്റേ ദിവസം ആരോ വന്നു വിളിച്ചപ്പോൾ ആണ് ജോസഫ് തന്റെ നീണ്ട ഉറക്കം വിട്ട് ഉണരുന്നത്. അയാളുടെ വസ്ത്രങ്ങളിൽ പശിമയുള്ള രക്തവർണ്ണത്തിലുള്ള ഏതോ ഒരു പദാർത്ഥം പുരണ്ടിരുന്നു. മകൾ മരിച്ചു കിടക്കുന്നത് അയാൾ കണ്ടു. എന്താണ് സംഭവിച്ചതെന്നു അറിയാതെ ജോസഫ് പുറത്തേക്കിറങ്ങി. തന്റെ ഗ്രാമത്തിലെ ഒട്ടുമുക്കാൽ പേരും മരിച്ചു കഴിഞ്ഞു എന്നയാൾ മനസ്സിലാക്കി. തന്റെ കുടുംബത്തിലെ മറ്റുള്ളവർ താമസിക്കുന്ന wum ഗ്രാമത്തിലേക്ക് ഒരു ബെക്കിൽ അയാൾ യാത്രയായി. വഴിയിലുടനീളം മനുഷ്യരുടെയും കന്നുകാലികളുടെയും ശവശരീരങ്ങൾ ചിതറി കിടന്നിരുന്നു. ജീവന്റെ ലക്ഷണങ്ങൾ ആ ഭൂമികയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടിരുന്നു.

ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയും തെക്കേ അമേരിക്കയും രണ്ടായി പിരിഞ്ഞ കാലം. ഏതാണ്ട് അതെ സമയത്ത് തന്നെയാണ് ഇന്നത്തെ കാമറൂണിന്റെ വടക്കു പടിഞ്ഞാറായി Mbéré ഭ്രംശചലന മേഖല രൂപം കൊള്ളുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനെ പിന്നെയും പിളർത്താനുള്ള ശക്തി ആ പ്രക്രിയക്കുണ്ടായില്ലെങ്കിലും, ആ മേഖലയിൽ ധാരാളം അഗ്നിപർവതങ്ങളുടെ ജനനത്തിന് ഭൂമിക്കടിയിലുണ്ടായ ഈ ചലനങ്ങൾ കാരണമായി. സജീവതയുടെ ഒരു കാലഘട്ടത്തിന് ശേഷം പതുക്കെ പതുക്കെ ആ അഗ്നിപർവതങ്ങൾ സുഷുപ്തിയിലാണ്ടു. അങ്ങനെ നിർജീവമായ ഒരു അഗ്നിപർവത മുഖത്ത് കാലക്രമേണ ഒരു തടാകം ജന്മം കൊണ്ടു. അതായിരുന്നു നിയോസ് തടാകം (Lake Nyos).

നിയോസ് തടാകം നിലകൊണ്ടിരുന്ന ഭൂപ്രകൃതിയുടെ സവിശേഷതകളാൽ carbon dioxide, Hydorgen sulfide, sulfur dioxide തുടങ്ങിയ അഗ്നിപർവതജന്യ വാതകങ്ങൾ ഭൂമിക്കടിയിൽ നിന്ന് തടാകത്തിന്റെ അടിത്തട്ടിലേക്കുള്ള പാത കണ്ടെത്തി. ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന നിയോസിൽ മറ്റു നദികൾ ഒന്നും വന്നു ചേർന്നിരുന്നില്ല. അത് കൊണ്ടു തന്നെ തടാകത്തിലെ വെള്ളത്തിന്റെ പല അടരുകൾ തമ്മിൽ വേണ്ട വിധത്തിൽ ലയനം നടന്നിരുന്നില്ല. കാലങ്ങൾക്കു ശേഷം തടാകത്തിലെ അടിത്തട്ടിലെ വെള്ളത്തിന്റെ പാളി വിഷവാതകങ്ങൾ കൊണ്ടു സന്പന്നമായി. മുകളിലെ വെള്ളത്തിന്റെ കടുത്ത മർദ്ദം നിമിത്തം അടിയിലെ വെള്ളത്തിലെ വിഷവാതകങ്ങൾ ഒരു കെണിയിൽ അകപ്പെട്ടവണ്ണം ഒരവസരം കാത്തു കിടന്നു….

21 ഓഗസ്റ്റ് 1986

അന്ന് നന്നായി മഴ പെയ്തിരുന്നു. നിയോസ് തടാകത്തിന്റെ ചുറ്റും താമസിച്ചിരുന്ന ഗ്രാമീണരിൽ ചിലർക്ക് ഭൂമി ചെറുതായി വിറയ്ക്കുന്നതായി തോന്നി. വീടിനു പുറത്തേക്കു ഇറങ്ങി നോക്കിയ അവർ ഒരു വിസ്മയിപ്പിക്കുന്ന കാഴ്ച കണ്ടു. നിയോസ് തടാകത്തിലെ ജലം ഒരു ജലധാരയെന്നോണം ഉയർന്നു പൊങ്ങുന്നു. അതിനൊപ്പം ഏകദേശം 100 m ഉയരത്തിൽ വെളുത്ത ഒരു മേഘം രൂപപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ ആ വാതകം ഒരു പുഴ പോലെ താഴേക്ക് ഊർന്നിറങ്ങി. പിന്നെ വളരെ വേഗത്തിൽ അതവിടെ പരക്കാൻ തുടങ്ങി. വായുവിനേക്കാളും ഭാരം കൂടിയ carbon dioxide വാതകം ആയിരുന്നു അത്. നിയോസിന്റെ 25 km ചുറ്റളവിൽ ആ വാതകം ഭൂമിയെ പുതപ്പിച്ച ഒരു പുതപ്പു പോലെ നില കൊണ്ടു. അതിൽ പെട്ട ഭൂരിഭാഗം ജീവികളും, മനുഷ്യനും ഷഡ്പദങ്ങളും ഉൾപ്പെടെ ശ്വാസം മുട്ടി മരിച്ചു. ഔദ്യോദിക കണക്കുകൾ അനുസരിച് 1746 മനുഷ്യരും അതിനിരട്ടി കന്നുകാലികളുമാണ് ഞൊടിയിടയിൽ അവിടെ മരിച്ചു വീണത്.

പിന്നീട് അവിടെ സന്ദർശിച്ച ഗവേഷകർ ആണ് ഈ പ്രകൃതി ദുരന്തന്തിന് കാരണം എന്തെന്ന് മനസ്സിലാക്കിയത്. നിയോസ് തടാകത്തിലെ വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ച അവർ അതിൽ വളരെ വലിയ തോതിൽ carbon dioxide ന്റെ സാന്നിധ്യം കണ്ടെത്തി. തടാകത്തിന്റെ അടിത്തട്ട് carbon dioxide, Hydorgen sulfide, sulfur dioxide തുടങ്ങിയ വാതകങ്ങളുടെ വലിയ ഒരു റിസെർവോയർ തന്നെയായിരുന്നു. അത് വരെ ഒരു സന്തുലനാവസ്ഥയിൽ ഇരുന്ന ഈ system, ഒരു മണ്ണിടിച്ചിലിൽ അസന്തുലിതാവസ്ഥയിൽ ആകുകയും വളരെ ശക്തമായ രീതിയിൽ വിഷവാതകങ്ങൾ പുറത്തേക്കു ബഹിർഗമിപ്പിക്കുകയും ചെയ്തു ആ ദിവസം. ഈ സംഭവത്തിനു ശേഷം തടാകത്തിലെ വെള്ളത്തിന്റെ നിറം ചെളി കലങ്ങിയത് പോലെ ആയി. ഗൂഗിൾ മാപ്പിൽ അതിപ്പോഴും കാണാം.

Image result for nyos lake

കൂടുതൽ പഠനങ്ങൾ നിയോസ് പോലെയുള്ള മറ്റു തടാകങ്ങളും ആ മേഖലയിൽ ഉണ്ടെന്നു കണ്ടെത്തി. അതിൽ ഒന്നായിരുന്നു lake Monoun. 1984 ഇൽ സമാന പ്രതിഭാസം നിമിത്തം 37 പേർ monoun പരിസരത്തു മരിച്ചിരുന്നു. അന്ന് അത് തീവ്രവാദി ആക്രമണം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിലും lake Nyos സംഭവത്തിന് ശേഷമുണ്ടായ പഠനങ്ങൾ monoun സംഭവത്തിന്റെ ദുരൂഹതകളും മാറ്റി. ഇത്തരം തടാകങ്ങളിൽ പെട്ട മൂന്നാമത്തെ ഭയങ്കരനാണ്, കോംഗോ റിപ്പബ്ളിക്കിൽ സ്ഥിതി ചെയ്യുന്ന വൻതടാകമായ Lake Kivu. കിവുവിന്റെ വലിപ്പം നിയോസിന്റെ 2000 മടങ്ങാണ്. തന്റെ ഗർഭത്തിൽ വിഷവാതകങ്ങളുടെ ഒരു കമനീയ ശേഖരവുമായി ആ തടാക ഭീമൻ മയങ്ങുകയാണ് ശരിയായ സന്ദർഭത്തിനു വേണ്ടി….

ഇങ്ങനെയുള്ള Limnic Eruptions വളരെ അപൂർവമായി എങ്കിലും, ആയിരക്കണക്കിന് കൊല്ലം കൂടുംപോഴോ മറ്റോ നടക്കുന്ന പ്രതിഭാസമാണ്. അത് കൊണ്ടു തന്നെ നിയോസിനു ചുററും താമസിച്ചിരുന്ന ആദിമ നിവാസികൾ നിയോസിനെ ഭയപ്പാടോടു കൂടിയാണ് കണ്ടിരുന്നത്. എന്തൊക്കെയോ ദുരൂഹതകൾ ആ തടാകത്തിന്റെ ചുറ്റിപ്പറ്റി നിക്കുന്നുണ്ടെന്നു അവർക്കറിയാമായിരുന്നു. ആദിമ കാലത്തുണ്ടായ ചില പൊട്ടിത്തെറികളാവാം ഇതിനു കാരണം. എന്നാൽ വലിയൊരു ശാന്തതയിൽ ആയിപ്പോയ നിയോസ് തടാകം തന്റെ കരകളിലേക്കു ആധുനിക മനുഷ്യനെ ആകർഷിച്ചു. നിയോസ് തൻറെ അടിത്തട്ടിൽ ഒളിപ്പിച്ചിരുന്ന വിഷവാതക ശേഖരത്തെ കുറിച്ചറിയാതെ മനുഷ്യർ അതിനു ചുറ്റും വസിച്ചു, 1986 ഓഗസ്റ്റ് 21 വരെ!

Related image

ഇത്തരം തടാകങ്ങളിലെ വാതകശേഖരത്തെ വൻ പൈപ്പുകൾ വഴി നിയന്ത്രിത രീതിയിൽ പുറത്തെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. Degassing എന്നാണ് ഇതിനു പറയുന്നത്. ഇതിനിടയിൽ 2002 ഇൽ Lake Kivu നു അടുത്തു ഒരു അഗ്നിപർവത സ്ഫോടനമുണ്ടായി. ലാവ തടാകത്തിൽ വീണെങ്കിലും അടിത്തട്ടിൽ എത്തുന്നതിനു മുൻപ് തന്നെ ഉറച്ചു പോയതിനാൽ ലോകം ഭയപ്പെട്ടത് പോലെ ഒരു Limnic Eruption അന്നുണ്ടായില്ല. അടുത്ത ഒരു പ്രശ്നം നിയോസ് തടാകത്തിന്റെ വക്കുകൾ ദുർബലം ആയിക്കൊണ്ടിരിക്കുന്നു. ഒരു അണക്കെട്ടു പോലെയുള്ള നിയോസ് തകർന്നാൽ പ്രളയ ജലം കാമെറൂണിലെയും നൈജീരിയയിലെയും പല പ്രവിശ്യകളെയും വെള്ളത്തിലാഴ്ത്തും. അങ്ങനെ ഒന്നുണ്ടായാൽ പുറത്തേക്കു വമിക്കുന്ന വിഷ വാതകങ്ങൾ ഉയർത്തുന്ന ഭീഷണി വേറെ. ഈ പ്രശ്നങ്ങളെ എങ്ങനെ മറികടക്കും എന്നതിനെ കുറിച്ചു ശാസ്ത്രട്നർ ഗവേഷണത്തിലാണ്.