നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ജോസഫിന് നൽകണം; സ്പീക്കര്‍ക്ക്‌ മോൻസ് ജോസഫിന്റെ കത്ത്

തിരുവനന്തപുരം:  നിയമസഭാകക്ഷി നേതാവിന്റെ സീറ്റ് പി ജെ ജോസഫിന് നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് മോൻസ് ജോസഫ് എംഎൽഎയുടെ കത്ത്. പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്.

പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായ കെ എം മാണി അന്തരിച്ച സാഹചര്യത്തിൽ നിയമസഭയുടെ മുൻനിരയിലെ അദ്ദേഹത്തിന്റെ ഇരിപ്പിടം ജോസഫിന് നൽകണമെന്നാണ് ആവശ്യം. ലീഡർ മരിച്ചാൽ ഡെപ്യൂട്ടി ലീഡർ നിയമസഭാ നേതാവാകുമെന്ന പാർട്ടി ബൈലോ ചൂണ്ടിക്കാട്ടിയാണ് മോൻസ് ജോസഫിന്റെ നീക്കം.

കേരള കോൺഗ്രസ് എമ്മിൽ ചെയർമാൻ സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. നാളെ നിയമസഭ തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് നടപടി.

പാർലമെൻററി പാർട്ടി സെക്രട്ടറി ആവശ്യപ്പെട്ടതിനാൽ സ്പീക്കർ ഇക്കാര്യം അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ മാണിയുടെ സീറ്റിൽ ജോസഫ് ഇരിക്കുകയും മറ്റ് കേരള കോൺഗ്രസ് എംഎംഎൽഎമാരുടെ സീറ്റുകളിൽ അതിനനുസരിച്ച് മാറ്റം വരികയും ചെയ്യും. അതേസമയം ജോസ് കെ മാണി വിഭാഗം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.