നിത്യഹരിത നായകന്‍ ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്

മലയാള ചലച്ചിത്ര ലോകത്തെ നിത്യഹരിത നായകന്‍ പ്രേം നസീര്‍ വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വര്‍ഷം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കാലാതി വര്‍ത്തിയായ ഇതിഹാസം പോലെ പ്രേം നസീര്‍ ഇന്നും മലയാളികളുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നു.

1926 ഏപ്രില്‍ 7ന് ജനിച്ച അബ്ദുള്‍ ഖാദര്‍ എന്ന ചിറയിന്‍കീഴുകാരന്‍ പ്രേം നസീറെന്ന പേരില്‍ മലയാള സിനിമയെ പതീറ്റാണ്ടുകളോളം അടക്കിവാണു. 725 ചിത്രങ്ങള്‍, ഷീല എന്ന ഒരേ നായികയ്‌ക്കൊപ്പം 130 സിനിമകള്‍, 1979ല്‍ മാത്രം 41 സിനിമകള്‍, അങ്ങനെ ആര്‍ക്കും അവകാശപ്പെടാനില്ലാത്ത, തിരുത്താനാവാത്ത ഒട്ടനവധി റെക്കോര്‍ഡുകള്‍ ബാക്കിവെച്ചാണ് അദ്ദേഹം പോയത്.

1952ല്‍ മരുമകള്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടന്‍ വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിലെ മുന്‍നിര നായകനടന്‍മാരില്‍ ഒരാളായി ഉയര്‍ന്നത്. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍താരം കൂടിയായിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.പ്രേംനസീറിന്റെ മിക്ക സിനിമകളും മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തവയായിരുന്നു.അദ്ദേഹത്തിന്റെ മരണം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണെന്ന്.