നിങ്ങൾ ഞണ്ടുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…?

ഷറഫുദ്ദീൻ മുല്ലപ്പള്ളി

ഉള്ളിൽ ജീവന്റെ തുടിപ്പ് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഞണ്ടുകൾക്ക് ആഹ്ലാദത്തിന്റെ രാപ്പകലുകളാണ്.

തന്റെ ആവാസ വ്യവസ്ഥയിലത് സന്തോഷത്തിന്റേയും ഉൻമേഷത്തിന്റേയും വിത്തുകൾ വിതച്ച് സജീവമാകും.

ഉള്ളിൽ വളർന്ന് കൊണ്ടിരിക്കുന്ന കുഞ്ഞു ജീവനുകളുടെ ആരോഗ്യത്തിന് അധിക ഭക്ഷണം കഴിച്ച് ശരീരം പുഷ്ടിപ്പെടുത്തും.

പിന്നൊരു ഘട്ടം കഴിഞ്ഞാൽ പൊടുന്നനെ ദ്രുതഗതിയിലുള്ള ചലനങ്ങളോടും യാത്രകളോടുമത് വിരക്തി കാണിച്ചു തുടങ്ങും.

ഗർഭപാത്രത്തിൽ സ്വന്തം കുരുന്നുകളുടെ വളർച്ച കൂടുന്തോറും സ്വയം എല്ലാത്തിൽ നിന്നും ഉൾവലിയും. സ്വയം ഒരു അതിർത്തി വരച്ച് അതിനുള്ളിൽ ഒതുങ്ങിക്കൂടും. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഗർഭപാത്രം തുറന്ന് സ്വന്തം കുഞ്ഞുങ്ങളെ കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കും.

ഉള്ളിൽ വേണ്ടത്ര ആഹാരത്തിന്റെ അഭാവത്തിൽ പൂർണ്ണ വളർച്ചയുടെ പരിസമാപ്തിയിലേക്ക് കുതിക്കുന്ന കുഞ്ഞുങ്ങൾ മാതൃഹൃദയത്തിന്റെ തെല്ലത്ത് കടിച്ചു തുടങ്ങും.

കൊളുത്തി വലിക്കുന്ന വേദനയിലും സ്വന്തം കുഞ്ഞിനെ കാണാനുള്ള ആഗ്രഹത്തിൽ അത് മറക്കും.

ഒന്നിന് പിറകെ ഒന്നായി സ്വന്തം മക്കൾ ആ മാതൃഹൃദയം രുചിയോടെ ദക്ഷിക്കാൻ തുടങ്ങും. വേദനകൊണ്ട് പുളയുമ്പോഴും സ്വന്തം മക്കളുടെ ജനനത്തിനായി അവശതയിലും പ്രതീക്ഷയോടെ കാത്തിരിക്കും.

ഹൃദയം പാതിയിൽക്കൂടുതൽ മക്കൾ ഭക്ഷിച്ചു തീർത്തു കഴിഞ്ഞാൽ പിന്നെയുള്ള ദിവസങ്ങൾ പരിമിതമാണ്. പ്രാണവേദന ശരീരമാസകലം പടരുമ്പോഴും, മരണം കൺമുൻപിൽ വന്ന് മാടി വിളിക്കുമ്പോഴും സ്വന്തം മക്കളെ കാണാനുള്ള അതിയായ ആഗ്രഹവും, അമ്മയാവാനുള്ള അടങ്ങാത്ത ത്വരയും പിന്നേയും ഇത്തിരി ജീവന്റെ തുടിപ്പ് ആ ശോഷിച്ച ശരീരത്തിൽ ബാക്കിയാക്കും.

അവസാനം അവസാനത്തെ ഹൃദയഭിത്തിയും ഭക്ഷണമാക്കി കുഞ്ഞുങ്ങൾ പൂർണ്ണ വളർച്ചയിലെത്തും.

ആഗ്രഹങ്ങളും, പ്രതീക്ഷകളും, ആശകളും നിറച്ച ഹൃദയം സ്വന്തം മക്കളുടെ ഭക്ഷണമായി വെറും പുറന്തോട് മാത്രമായി ആ അമ്മ നിരാശയോടെ മരണത്തിന് കീഴടങ്ങും.

ഹൃദയമില്ലാതെ ശൂന്യമായ പുറന്തോടിനുള്ളിലിരുന്ന് വിശപ്പിന്റെ വിളിയെത്തുമ്പോൾ മക്കൾ ഓരോരുത്തരായി പുറംലോകത്തേക്ക് ആഗതമാകും.

മാതൃത്വത്തിന് വേണ്ടി സ്വന്തം ജീവൻ സന്തോഷത്തോടെ ത്യജിക്കുന്ന ഓരോ ഞണ്ടുകളും എന്റെ കണ്ണിൽ പകരം വെക്കാനില്ലാത്ത ത്യാഗികളാണ്.