നിങ്ങൾക്ക് സെയ്നിനെ അറിയാമോ?

എൻ. പി. മുരളീകൃഷ്ണൻ

നിങ്ങൾക്ക് സെയ്നിനെ അറിയാമോ? സെയ്ൻ അൽ റാഫി. 2004ൽ സിറിയയിലെ ദാറയിൽ ജനനം. എട്ടു വർഷം മുമ്പാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേയ്ക്ക് രക്ഷിതാക്കളോടൊപ്പം സെയ്ൻ എത്തിയത്. ലെബനനിലെ പതിനായിരക്കണക്കിന് സിറിയൻ അഭയാർത്ഥികൾക്കൊപ്പം പട്ടിണിയും അരക്ഷിതാവസ്ഥയും രോഗവും നിറഞ്ഞ സാഹചര്യത്തിൽ അവരും കൂടി.

സിറിയൻ യുദ്ധത്തിന് ശേഷം ലെബനനിലേക്ക് കുടിയേറിപ്പാർത്ത അഭയാർത്ഥികളുടെ ജീവിതം പ്രമേയമാക്കി ലെബനീസ് സംവിധായിക നദീൻ ലബാക്കി ഒരു സിനിമ ചെയ്യാൻ ആലോചിച്ചപ്പോൾ കുട്ടികളെയാണ് കേന്ദ്രമാക്കാൻ തീരുമാനിച്ചത്. രാജ്യങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും എപ്പൊഴും ഇരയാകുന്നതു കുട്ടികളാണെന്നതു തന്നെ കാരണം. മുതിർന്നവരുടെ മോശം തീരുമാനങ്ങളുടെ ദുരിതഫലം അനുഭവിക്കുന്നതും കുട്ടികൾ തന്നെ. അഭയാർഥി ജീവിതത്തിന്റെ എല്ലാ ദുരിത സ്പന്ദങ്ങളും അവരുടെ നെഞ്ചിലുണ്ടാകും. അങ്ങനെയാണ് നദീൻ സിറിയൻ അഭയാർഥികളിൽ നിന്നുതന്നെ പന്ത്രണ്ടുകാരനായ തന്റെ നായകനെ കണ്ടെത്തുന്നത്. തീർത്തും നിരക്ഷരനായ
അഭിനയ പരിചയമോ അക്ഷരജ്ഞാനമോ ഇല്ലാത്ത ജനിച്ചപ്പോൾ മുതൽ ആഭ്യന്തര സംഘർഷങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ജീവിച്ച സെയ്ൻ അൽ റാഫി.

കഴിഞ്ഞ വർഷം കാൻ ഫെസ്റ്റിവലിൽ പ്രീമിയർ ആയും പിന്നീട് ലോകമെമ്പാടുമുള്ള മേളകളിലും പ്രദർശിപ്പിച്ച് അംഗീകാരം നേടിയ നദീന്റെ ‘കാപർനോം ‘എന്ന ഈ സിനിമ കണ്ടവരാരും സെയ്നിനെ മറക്കില്ല. സിനിമയിൽ പറയുന്നത് സ്വന്തം ജീവിതം തന്നെയായതുകൊണ്ട് സെയ്നിന് ക്യാമറയ്ക്കു മുന്നിൽ അഭിനയിച്ചു കഷ്ടപ്പെടേണ്ടി വന്നില്ല.126 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ടെയ്ൽ എൻഡിൽ മാത്രമാണ് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വരുന്നത്. പാസ്പോർട്ട് ശരിയാകുമെന്നും അതിനായി ഒരു ഫോട്ടോ എടുക്കണമെന്നും പറയുമ്പോഴാണ് ഉള്ളിൽ നിന്നുള്ള ആ ചിരി വരുന്നത്. അത്രയും കാലം ചിരി മറച്ചുവച്ച ജീവിതം അവന് സന്തോഷിക്കാൻ ഉണ്ടാക്കിയ അവസരം. പക്ഷേ, സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞതു മുതൽ വീണ്ടും അഭയാർഥി തന്നെയാണെന്ന യാഥാർഥ്യമായിരുന്നു സെയ്ൻ നേരിട്ട ഏറ്റവും വലിയ ദുര്യോഗം.

മൂന്നു വർഷമാണ് സിനിമയ്ക്കു വേണ്ടി നദീൻ അഭയാർഥികളെപ്പറ്റി പഠിച്ചത്. തെരുവുകുട്ടികൾ ആരെക്കാളും മുതിർന്നവരാണെന്ന് ഈ പഠനത്തിൽ നിന്ന് അവർക്കു ബോധ്യമായി. സെയ്നിന്റെ അതിജീവനം വർഷങ്ങളായി സിറിയയിലെ ലെബനൻ അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളുടെ നേർചിത്രമാണ്. അച്ഛനമ്മമാർക്ക് എതിരെ കേസ് കൊടുത്ത് കോടതിമുറിയിൽ എത്തിയ 12 വയസ്സുകാരനിലാണു കാപർനോം തുടങ്ങുന്നത്. തന്നെ ജനിപ്പിച്ചതിന്റെ പേരിലാണ് അവൻ അച്ഛനമ്മമാരെ കോടതി കയറ്റിയത്. തന്റെ മാതാപിതാക്കൾക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇനി ഇവർ ഒരു കുട്ടിക്കും ജന്മം നൽകരുതെന്നാണ് സെയ്നിന്റെ മറുപടി. സഹോദരങ്ങളുടെ പട്ടിണിയും അരക്ഷിതാവസ്ഥയും കണ്ടു മടുത്തിട്ടാണ് അവർ മാതാപിതാക്കൾക്കെതിരെ കോടതിയെ സമീപിക്കുന്നത്.

സംഘർഷസാധ്യത കണക്കിലെടുത്ത് ഇന്ത്യ-പാക് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുന്നവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ചിത്രം കണ്ടപ്പോഴാണ് സെയ്നിന്റെ ചിരി മറന്ന മുഖം വീണ്ടും ഓർമ്മ വന്നത്. നമ്മുടെ അതിർത്തിയിലെ സംഘർഷങ്ങളുടെ മുറുക്കങ്ങൾക്ക് താത്കാലികമായെങ്കിലും തെല്ലയവ് വന്നിരിക്കുന്നുവെന്നാണ് അറിയുന്നത്. യുദ്ധം അശാന്തിയല്ലാതെ ഒന്നും തരുന്നില്ലെന്നതാണ് അതിന്റെ മുറിവുകളേറ്റിട്ടുള്ള ജനത നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് കാപർനോം പോലൊരു സിനിമ ഇന്ത്യയിൽ നിന്ന് ഉണ്ടാകാത്തത് എന്നു ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതമാണ്, അത്തരത്തിൽ ഒരു യുദ്ധമോ ആഭ്യന്തര കലാപമോ പലായനമോ അഭയാർഥി ജീവിതമോ അനുഭവിച്ചിട്ടുള്ള ജനതയല്ല നമ്മൾ. കല ജീവിതത്തിൽ നിന്ന് അത്ര അകലെയല്ല, തൊട്ടു തന്നെയാണ് നിൽക്കുന്നത്. ലെബനനെക്കാളേറെ മറ്റു മധ്യ-പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും മധ്യ ആഫ്രിക്കയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നും ഇത്തരം സിനിമകളുണ്ടാകുന്നതിന്റെ കാരണവും അവരുടെ നെഞ്ചിൽ പുകയുന്ന കലാപത്തിന്റെയും പട്ടിണിയുടെയും യാഥാർഥ്യങ്ങളാണ്. നമ്മൾ ഇപ്പോഴും സേഫ് സോണിലാണ്. യുദ്ധം നമുക്ക്

പാഠപുസ്തകങ്ങളിലും സാഹിത്യത്തിലും സിനിമയിലും മാത്രം പരിചയമുള്ള സംഗതിയാണ്. സ്വാതന്ത്ര്യലബ്ധി മുതൽ ഇക്കാലമത്രയായിട്ടും ഇത്ര രാഷ്ട്രനേതാക്കൾ നയതന്ത്രം മെനഞ്ഞിട്ടും എങ്ങുമെത്താതെ പോകുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൗഹൃദത്തിന്റെ ആകാശം ശാന്തിയുടേതാകുമെന്നും തീവ്രവാദത്തിന്റെ മൂലവേരുകൾ ഇളകുമെന്നും പ്രത്യാശിക്കുക തന്നെയാണ് നമുക്കിനിയും ചെയ്യാനുള്ളത്.

ഇതുകൂടി കാപർനോം പുറത്തിറങ്ങിയ ശേഷം സെയ്നിന് നോർവെയുടെ പൗരത്വം കിട്ടി. അവൻ കുടുംബത്തോടൊപ്പം അവിടെ ജീവിക്കുന്നു. 14-ാം വയസ്സിൽ അവൻ സ്കൂളിൽ പോയിത്തുടങ്ങി. ഇപ്പോഴവന് എഴുതാനും വായിക്കാനുമറിയാം. അവന് പൂക്കളോടാണ് കൂടുതൽ ഇഷ്ടമെന്ന് അവന്റെ അധ്യാപിക പറഞ്ഞതായി നദീൻ ലബാക്കി പറയുന്നു; അവൻ ഇനി ഒരിക്കലും ആയുധങ്ങൾ ഇഷ്ടപ്പെടില്ലെന്നും..