നിങ്ങൾക്കൊരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിക്കുമോ?

വെള്ളാശേരി  ജോസഫ്

ജാതിയെ കുറിച്ച് പറയുമ്പോൾ ചിലരൊക്കെ ചോദിക്കുന്ന ചോദ്യമാണ് “നിങ്ങൾക്കൊരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിക്കുമോ എന്നുള്ളത്”. കേരളത്തിലെ ജാതി ശ്രേണിയിൽ ഏറ്റവും ഉയർന്നു നിന്നിരുന്ന നമ്പൂതിരിമാർക്ക് പോലും ഇപ്പോൾ പെണ്ണ് കിട്ടുന്നില്ല എന്ന വസ്തുത ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നവർ കാണുന്നില്ല. ബ്രാഹ്മണ പെൺകുട്ടികൾക്ക് ശാന്തിക്കാരെ ഇക്കാലത്ത് ഭർത്താക്കന്മാരായി വേണ്ടാ. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ അവസ്ഥ.കർശനമായ ജീവിത ക്രമം പിന്തുടരുന്ന പൂജാരിമാർക്കൊക്കെ ഭാര്യമാരെ ഔട്ടിങ്ങിനും, ഷോപ്പിങ്ങിനും, പുറത്തു പോയി ഭക്ഷണം കഴിക്കാനുമൊക്കെ കൊണ്ടുപോകാൻ സാധിക്കില്ല. ഇതൊക്കെ ആഗ്രഹിക്കുന്നവാരാന് ഇന്നത്തെ കാലത്തെ പെൺകുട്ടികൾ. അത് കൂടാതെ പല ക്ഷേത്രങ്ങളിലെയും പൂജാരിമാർക്കു വരുമാനവും നന്നേ കുറവാണ്. വരുമാനം, ‘ലെഷർ’, സ്റ്റാറ്റസ് – ഇത്തരം കാര്യങ്ങളെല്ലാം ഒത്തു വരുമ്പോൾ സാദാ ശാന്തിക്കാരൻ വിവാഹ മാർക്കറ്റിൽ നിന്ന് പിന്തള്ളപ്പെടുന്നു. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി പണ്ടൊരു വാർത്താ ചാനലിൽ ഇതിനെ സംബന്ധിച്ച് പറഞ്ഞത്. നേർച്ചക്കോഴികളായി ആരും പെൺമക്കളെ ഇക്കാലത്ത് വളർത്തുന്നില്ലാ എന്നാണ് ഇതിലോക്കെ കൂടി മനസിലാക്കേണ്ടത്.

Image result for indian poor girls painting

യാഥാസ്ഥിതികമായ സമൂഹത്തിൽ നിന്ന് വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും, ഇതര മതസ്ഥരുടെ കൂടെയും പോയ കഥകൾ ഇഷ്ടം പോലെ. ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ പണ്ടൊക്കെ ക്ഷേത്ര പൂജാരിമാരുടെ കൂടെ ഒക്കെ പോയി ജീവിതം നയിച്ചവർ ഉണ്ടെങ്കിൽ ഇന്ന് അവർ ഒരുപാട് മാറി. അതുകൊണ്ട് തന്നെ ഉയർന്ന ജോലിയും നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് വിവാഹം ബാലികേറാമല ആയിരിക്കുന്നു എന്നതാണ് പല റിപ്പോർട്ടുകളും. ഇനി പൂജാരിയാകാൻ എഴുത്തു പരീക്ഷ നടത്തുമ്പോൾ ബ്രാഹ്മണർ തോൽക്കുന്നതും ഇപ്പോൾ വാർത്തയല്ല. വേദങ്ങളൊക്കെ ‘ഡിജിറ്റൽ ടെക്നോളജിയുടെ’ യുഗത്തിൽ ഇന്ന് ആർക്കും പഠിക്കാം. ഇന്ന് വേദങ്ങളെല്ലാം ഓൺലയിനായി കിട്ടും. CD ഫോർമാറ്റിൽ ശബ്ദ വ്യത്യാസങ്ങൾ പോലും കൃത്യമായി മനസിലാക്കാം. അപ്പോൾ പിന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് ‘ബ്രാഹ്മണ മേധാവിത്വം’ സ്ഥിരം ചർച്ച ചെയ്യുന്നതിൽ വെല്ലോ യുക്തിയുമുണ്ടോ? ഇനി മറ്റു ജാതികളുടെ കാര്യം നോക്കാം.

Related image

കേരളത്തിലെ മുന്നോക്ക ഹിന്ദു യുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു എന്നതാണ് കണക്കുകൾ നിരത്തി തന്നെ ചിലർ തെളിയിക്കുന്നത്. ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്താൽ പോലും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂവാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്നാണ് പല സാമൂഹ്യക നിരീക്ഷകരും പറയുന്നത്. സമുദായങ്ങളിലെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാന ഘടകമായി നിൽക്കുന്നത്. സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലി നേടുമ്പോൾ പുരുഷരിൽ ഒരു വലിയ വിഭാഗവും അവിടെ തന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തു വരുന്നവരും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നവരും, വിവാഹ മാർക്കറ്റിൽ പിറകോട്ടു പോകുന്നു. സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്കും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഇതോടൊപ്പം ജാതകം, പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി.
ഐ.ടി. ഫീൽഡിലേക്കും മറ്റുമായി ബാൻഗ്ലൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന പ്രവണതയും ഇന്നുണ്ട്. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡം വെക്കലും നടത്തിയവർ ഇപ്പോൾ അത്തരത്തിലുള്ള യാതൊരു മനോഭാവവും കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Related image

ചൊവ്വാദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. ജാതകവും, ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ടുതന്നെ തകരുകയാണെന്നുള്ളതാണ് വാസ്തവം. യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് സമീപ കാല കേരളത്തിൽ ഇത്തരം തിരച്ചറിവുകൾ ഉണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിൻറ്റെ വലിയ മാറ്റമാണെന്നോ, ചരിത്രത്തിൻറ്റെ കാവ്യ നീതിയാണെന്നോ പറയാം. ചുരുക്കം പറഞ്ഞാൽ അനുദിനം മൽസരാധിഷ്ഠിതമാകുകയാണ് കേരളത്തിലെ വിവാഹ മാർക്കറ്റ്. അനാഥാലയങ്ങളിലെ പെൺകുട്ടികളെ പോലും വിവാഹം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്. ബാങ്ക് ബാലൻസ് തൊട്ട് ജോലി, വരുമാനം, സ്വഭാവം – ഒക്കെ വിലയിരുത്തിയതിന് ശേഷമേ അനാഥാലയത്തിൻറ്റെ അധികൃതർ വിവാഹങ്ങൾക്ക് സമ്മതിക്കൂ. അതുകൊണ്ട് കേരളത്തിൽ വധുക്കളെ ആവശ്യമുള്ള ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് തിരിയുന്നതായി പോലും റിപ്പോർട്ടുകൾ ഉണ്ട്.

Image result for indian poor girls painting

‘ബ്രാഹ്മണ മേധാവിത്വം’ ധാരാളം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ബ്രാഹ്മണർ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു സമുദായമാണ് എന്ന് ഇന്ത്യയിൽ സഞ്ചരിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ഇന്ത്യയിൽ ബ്രാഹ്മണർ മൊത്തം ജനസംഖ്യയുടെ ഏകദേശം അഞ്ചു ശതമാനം ആണ്. ഈ അഞ്ചു ശതമാനം ഒരു വോട്ട് ബാങ്ക് അല്ലാ. ഭരിക്കുന്നവരെ പിന്താങ്ങി നിന്ന് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതായിരുന്നു പണ്ടത്തെ ബ്രാഹ്മണ മേധാവിത്വ കാലത്തു പോലും അവരുടെ രീതി. പക്ഷെ ഇന്നത്തെ ജനാധിപത്യത്തിൽ കഥയാകെ മാറി. ഇന്ത്യയിൽ ഒരു വാർഡ് ജയിക്കാൻ പോലും ബ്രാഹ്മണർക്ക് ജനസംഖ്യ ഇല്ല. പിന്നെ ബ്രാഹ്മണരെ ചീത്ത പറഞ്ഞാൽ കുറെ വോട്ട് കിട്ടും. അതാണ് ഇപ്പോൾ നടക്കുന്നത്. ഉത്തർ പ്രദേശിൽ ഈയിടെ നടന്ന ‘തൂപ്പ് ജോലിക്കാർക്കായുള്ള’ അപേക്ഷ ക്ഷണിച്ചപ്പോൾ ധാരാളം ബ്രാഹ്മണർ ആപ്പ്ളിക്കേഷൻ കൊടുത്തു. ഇനിയുള്ള കാലം ഇത്തരം ജോലികൾ യന്ത്രവൽക്കരിക്കപ്പെടുമ്പോൾ എല്ലാ കമ്യുണിറ്റികളിലും പെട്ടവർ അപേക്ഷിക്കാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഇന്നിപ്പോൾ ബ്രാഹ്മണർ എല്ലാ ജോലികളിലും ഉണ്ട്. അവർ വെറും കണക്കപ്പിള്ളമാർ മാത്രം അല്ല. ഇന്നത്തെ ഇന്ത്യയിൽ ബ്രാഹ്മണർക്ക് ഭരണ രംഗത്തും സ്വാധീനം കുറഞ്ഞു കൊണ്ടിരിക്കുകയും ആണ്. ഈ യാഥാർഥ്യമൊന്നും പലരും അംഗീകരിക്കുവാൻ തയാറല്ല.