നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ ? സൂക്ഷിക്കുക!

പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലെന്ന് കണ്ടെത്തല്‍.അമേരിക്കയിലെ അയോവ സര്‍വകലാശാലയില്‍. നടന്ന പഠനത്തിലാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍..കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് കഴിക്കാത്തവരില്‍ രോഗസാധ്യത 87 ശതമാനം കൂടുതലാണ്. തെറ്റായ ജീവിതക്രമം പിന്‍തുടരുന്നതോടൊപ്പം പ്രഭാത ഭക്ഷണം കൂടി ഒഴിവാക്കുന്നവരില്‍ ഹൃദ്രോഗം ,സ്‌ട്രോക്ക് തുടങ്ങിയവയിലൂടെ മരണസാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. 1988-94 വര്‍ഷങ്ങളിലായിരുന്നു സര്‍വേ നടത്തിയത്. 48തമാനം പുരുഷന്‍മാരും 52 ശതമാനം സ്ത്രീകളും ഉള്‍പ്പെടെ ആറായിരത്തിലധികം പേരിലായിരുന്നു നിരീക്ഷണം. ഇതില്‍ പ്രഭാതഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചവര്‍, അപൂര്‍വമായി മാത്രം കഴിക്കുന്നവര്‍,ചിലദിവസങ്ങളില്‍ കഴിക്കുന്നവര്‍, ദിവസവും കഴിക്കുന്നവര്‍ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു.

18 വര്‍ഷത്തിനുശേഷം 2011ല്‍ സര്‍വേയില്‍ പങ്കെടുത്ത 2318 പേര്‍ മരിച്ചതായി കണ്ടെത്തി .അതില്‍ 619 പേരുടെ മരണകാരണം ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കുമായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും പ്രഭാതഭക്ഷണം ഒഴിവാക്കിയവരാണെന്നാണ് കണ്ടെത്തല്‍.