നിങ്ങള്‍ ദിവസം 5 കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നുണ്ടോ ? സൂക്ഷിക്കുക, പുറത്തുവന്നത് ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്‌

മെല്‍ബണ്‍: ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ ഒരു ദിവസം 5 കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കരുതെന്ന് പഠനം. അഞ്ചില്‍ കൂടുതല്‍ കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗസാധ്യത 22ശതമാനം വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാല ഗവേഷകരുടേതാണ് കണ്ടെത്തല്‍. ആദ്യമായാണ് ഹൃദ്രോഗകവുമായി ബന്ധപ്പെടുത്തി പരമാവധി കാപ്പി ഉപഭോഗത്തെപ്പറ്റിയുള്ള പഠനം വരുന്നത്.

കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീന്‍ ചുരുങ്ങിയ അളവില്‍ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ. കൂടുതലായാല്‍ അത് രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയ ധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ലോകത്ത് ദിവസവും 300 കോടി കപ്പ് കാപ്പി കുടിച്ചു തീര്‍ക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഹൃദ്രോഗത്തെതുടര്‍ന്നെന്നാണ് കണ്ടെത്തല്‍. അതിനാല്‍ അഞ്ചില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.