നിങ്ങളും ഷോവിനിസ്റ്റ് ആണോ…?

വിനോജ് അപ്പുക്കുട്ടൻ

നമ്മളെല്ലാവരും സ്വരാജ്യ സ്നേഹവും ദേശാഭിമാനവും ഉള്ളവരാണ്. എന്നാൽ ഈ അവസ്ഥ വിവേകശൂന്യമായ അഭിമാനവും, അഭിമാന മാർഗവും ഉള്ള ചിലരുണ്ട് അത്തരക്കാരെ പൊതുവെ വിളിക്കുന്നതാണ് ഷോവിനിസ്റ്റ്സ് (chauvinists).

ഇപ്പോഴാണെങ്കിൽ കടുത്ത രാഷ്ട്രീയപാർട്ടി സ്നേഹികൾക്കും ഭ്രാന്തമായ രാഷ്ട്രീയ വ്യഗ്രതക്കും അന്യരാജ്യ വിദ്വേഷത്തിനും പുരുഷ മേധാവിത്വത്തിനുമൊക്കെ ഷോവിനിസം പറയാറുണ്ട്.

La Grande Armee എന്ന നെപ്പോളിയന്റെ സൈന്യത്തിൽ പതിനെട്ടാം വയസിൽ ഭടനായി ചേർന്നതാണ് നിക്കോളാസ് ഷോവിൻ. നെപ്പോളിയന്റെ പല യുദ്ധങ്ങളിലും പങ്കെടുത്ത ഇദ്ദേഹത്തിന് 17 തവണ മുറിവേറ്റിരുന്നു. അവിശ്വസനീയമായ ദേശഭക്തിയുള്ള ഷോവിന് നെപ്പോളിയൻ ഒരു ഉടവാളും 200ഫ്രാങ്ക് പെൻഷനും പാരിതോഷികം നൽകി. നെപ്പോളിയനോട് അന്ധമായ ആരാധനയായിരുന്നു അദ്ദേഹത്തിന്. നെപ്പോളിയന്റെ കാലശേഷം ഈ ആരാധനയെ സഹപ്രവർത്തകർ പരിഹസിക്കാൻ തുടങ്ങി. അന്ധമായ ദേശഭക്തിയ്ക്ക് ഷോവനിസം എന്ന വാക്ക് ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

തുടർന്ന് കാരിക്കേച്ചറുകളിലും ഫലിത നാടകങ്ങളിലും ഷോവിനെ കളിയാക്കുന്നത് സർവസാധാരണയായി.1831 ൽ പുറത്തിറങ്ങിയ The Three Coloured Cock എന്ന നാടകത്തിൽ ഷോവിൻ എന്ന പേരിൽ ഒരു കഥാപാത്രം തന്നെയുണ്ടായി. ഈ കഥാപാത്രം ഫ്രാൻസിലും സമീപ രാജ്യങ്ങളിലും ഏറെ പ്രശസ്തമായി. യഥാർത്ഥ ഷോവിന് മറ്റു പരിവേഷങ്ങൾ നൽകാനും ശ്രമമുണ്ടായി. 1793 – 94 കാലത്തെ ഭീകര ഭരണകാലത്ത് വിപ്ലവ സൈനികനായാണ് ഷോവിൻ സൈന്യത്തിൽ ചേർന്നതെന്നായിരുന്നു കഥ. പക്ഷേ ഇത് വെറും കെട്ടുകഥയാണെന്നാണ് ചരിത്രം.

അതേസമയം നെപ്പോളിയന് ശേഷമുള്ള മൂന്നാം റിപ്പബ്ലിക്കിന്റെ കാലത്ത് സിവിൽ മിലിട്ടറി വിഭാഗങ്ങൾ തമ്മിൽ ഉരസൽ ശക്തമായി. അപ്പോഴും സൈനിക വിഭാഗത്തെ ഷോവിനിസത്തെ ഉപകരണമാക്കി. രാജ്യത്തെ മുഴുവൻ പട്ടാള ബാരക്കുകളാക്കി മാറ്റനാണ് സൈനിക വിഭാഗങ്ങളുടെ ശ്രമമെന്നും അത് ഷോവിനിസമാണെന്നുമായിരുന്നു എതിർ വിഭാഗത്തിന്റെ വിമർശനം. അമേരിക്കയിലൊക്കെ പുരുഷ മേധാവിത്വത്തിന് male chauvinism എന്നാണ് പര്യായം.