നിഖാബ് നിരോധിച്ച എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

മലപ്പുറം: എംഇഎസ് കോളേജുകളില്‍ നിഖാബ് പിന്‍വലിച്ച സര്‍ക്കുലറില്‍ നിലപാട് വ്യക്തമാക്കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നിഖ്ബ് നിരോധിച്ചുള്ള സര്‍ക്കുലര്‍ എംഇഎസ് പിന്‍വലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബിന് വിലക്കേര്‍പ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ നിലപാട് ശക്തിപ്പെടുത്തി കഴിഞ്ഞ ദിവസം സമസ്ത രംഗത്തെത്തിയിരുന്നു. ഫസല്‍ ഗഫൂര്‍ അതിരുകടക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങള്‍ നടക്കുന്നത്. അവിടെ വ്യക്തിസ്വാതന്ത്ര്യം തടയുന്നതിനെ നീതികരിക്കാനാവില്ലെന്നും ഹമീദ് ഫൈസി അമ്ബലക്കടവ് പറഞ്ഞു.

സമസ്തയ്ക്കെതിരെ വീണ്ടും ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഫസല്‍ ഗഫൂറിന്റെത് ധിക്കാരത്തിന്റെ ഭാഷയാണ്. മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സമുദായം നോക്കി നില്‍ക്കില്ലെന്നും സമസ്തയുടെ പോഷക സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ന്യുനപക്ഷ ആനുകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ അവകാശവും വ്യക്തി സ്വാതന്ത്രവും തടയുന്നത് നീതികരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എം.ഇ.എസിനെതിരായ ഭാവി പ്രക്ഷോഭങ്ങള്‍ തീരുമാനിക്കാന്‍ സമസ്ത കോഡിനേഷന്‍ കമ്മറ്റി യോഗവും വിളിച്ചു. എം.ഇ.എസ് സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സമസ്തയുടെ പരിഗണയിലാണ്.