നാഷണല്‍ ഹെറാള്‍ഡ് കേസ്; നികുതി അടവ് പുന:പരിശോധിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി.

എന്നാല്‍, ഇരുവര്‍ക്കുമെതിരെ നടപടികള്‍ ഒന്നും പാടില്ലെന്നും വ്യക്തമാക്കിയ കോടതി കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്നും തുടര്‍ വാദം കേള്‍ക്കുന്നതിന് ജനുവരി എട്ടിലേക്ക് കേസ് മാറ്റിയെന്നും അറിയിച്ചു.

2011-12 കാലത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയത് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസുമാണ്. 2010-11 കാലയളവിലെ നികുതി സംബന്ധിച്ച്‌ പരിശോധിക്കുന്നത് ഒഴിവാക്കണമെന്ന മൂവരുടെയും ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.