നാല് മാസങ്ങള്‍ക്ക് ശേഷം യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

അബുദാബി: നാല് മാസങ്ങള്‍ക്കു ശേഷം യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു.

പൊതുമാപ്പ് പൂര്‍ത്തിയാവുന്നതോടെ നാളെ മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കടുത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. നിരവധിപ്പേര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വിവിധ രാജ്യങ്ങളുടെ എംബസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ യുഎഇ ഭരണകൂടം കാലാവധി നീട്ടി നല്‍കിയത്.

യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് അതിനായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിസ കാലാവധി പൂര്‍ത്തിയാവുന്നത് വരെ രാജ്യത്ത് തുടരാം. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. പിന്നീട് പുതിയ വിസിറ്റിങ് വിസയില്‍ മടങ്ങിവന്ന് മാത്രമേ ജോലി അന്വേഷിക്കാന്‍ സാധിക്കുകയുള്ളൂ.