നാലുമാസം മുമ്പ് അറ്റകുറ്റ പണി ചെയ്ത റോഡിൽ ഒരു മാസം കൊണ്ട് 15 കുഴികൾ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: നാലുമാസം മുമ്പ് മാത്രം  അറ്റകുറ്റ പണികൾ നടത്തിയ ഉള്ളൂർ  മുതൽ മെഡിക്കൽ കോളേജ് ജംഗ്ക്ഷൻ വരെയുള്ള റോഡിൽ അറ്റകുറ്റപണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ 15 ഓളം മരണക്കുഴികൾ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. 

കേരള റോഡ് ഫണ്ട് ബോർഡ് മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം വിശദീകരണം നൽകണം.  മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും റോഡ് ഫണ്ട് ബോർഡ് നടപ്പാക്കിയില്ല. കിണർ പോലുള്ള കുഴികളിൽ കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കുന്നത് കാരണം  ഇരു ചക്ര വാഹനയാത്രികർക്ക് നിത്യവും അപകടം സംഭവിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രികളിൽ എത്തേണ്ട വഴിയാണ്  ഇത്തരത്തിൽ തകർന്നു കിടക്കുന്നത്. ഇതു വഴി ഏറ്റവുമധികം സഞ്ചരിക്കുന്നത് രോഗികളെയും കൊണ്ടുവരുന്ന  ആമ്പുലൻസുകളാണ്  .  മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നത്  കാരണം ആമ്പുലൻസുകൾക്ക് പോലും യഥാസമയം ആശുപത്രിയിലെത്താൻ കഴിയാറില്ല. 

കഴക്കൂട്ടം ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ  നടക്കുന്നതിനാൽ ഗതാഗതം തിരിച്ചു വിടുന്നതും  ഇതു വഴിയാണ്. പൊതുപ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി.