നാടിന്‌ പേര്‌ ലഭിക്കുന്ന വഴികൾ

 

സായിനാഥ്‌ മേനോൻ

എന്റെ ഓർമ്മ ശരിയാണെൽ 2015 അവസാനം ആണ്‌ ഈ സംഭവം നടക്കുന്നത്‌. സിംഗപ്പൂർ ക്ലാരയുടെ കൂടെ സിംഗപ്പൂരും മലേഷ്യയും കറങ്ങണ സമയം . ഈ ക്ലാര മലേഷ്യൻ തമിഴ്‌ വംശജയായിരുന്നു . ഒരു അയ്യർ പൊണ്ണ്‌. യാത്രയ്ക്കിടയിൽ അവളെന്നോട്‌ ചോദിച്ചു നിങ്ങളുടെ നാട്ടിൽ ചുംബനത്തിന്‌ വല്ലാത്ത ദാരിദ്ര്യമാണല്ലേ എന്ന് . എനിക്കാദ്യം കാര്യം മനസിലായില്ല.

പിന്നെ ആണ്‌ നമ്മുടെ നാട്ടിലെ വിഡ്ഢികളുടെ വിപ്ലവമായ കിസ്സ്‌ ഓഫ്‌ ലൗവ്‌ വാർത്തകൾ അവരെല്ലാം കണ്ടു എന്നറിഞ്ഞത്‌. അതിന്റെ പരിഹാസമാണ്‌ ഞാൻ കേട്ടത്‌ . ഞാൻ സംസാരം മാറ്റാൻ മന്നനായത്‌ കൊണ്ട്‌ , മുത്തു തമിഴ്‌ സിനിമയിലെ ഇറുക്കി അണച്ച്‌ ഒരു ഉമ്മ തരുമൊ എന്ന ഡയലോഗ്‌ ഒക്കെ അടിച്ച്‌ ചളിയടിച്ച്‌ ഒഴിഞ്ഞ്‌ മാറി . നമ്മുടെ നാട്ടിൽ ചെയ്യുന്ന ഊളത്തരത്തിന്‌ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരായി മാറുന്നതിന്റെ വേദന അത്‌ ഭയാനകമാണ്‌.

ഇന്ത്യ , കേരള എന്നൊക്കെ പറഞ്ഞാൽ നല്ല ചിത്രം അവരുടെ മനസിൽ ഉണ്ടായിരുന്നില്ല. ഞാൻ അവളെ എന്റെ നാട്ടിലേക്ക്‌ ക്ഷണിച്ചു . ഒരു വിഷുക്കാലത്ത്‌ അവൾ ന്റെ നാട്ടിലേക്ക്‌ വന്നു . കൂടെ അവളുടെ അനിയത്തിയും. നമ്മുടെ വിഷുവും വിഷുക്കണിയും, തിരുമാന്ധാംകുന്ന് പൂരവും എല്ലാം അവളെ കാണിച്ചു . പൂരത്തിന്‌ ആനയെ കണ്ട്‌ അന്തം വിട്ടത്‌ മറക്കാൻ പറ്റില്ലാ. ഊട്ടിയും, ചേറ്റുവ കായലിലെ ഹൗസ്‌ ബോട്ട്‌ യാത്രയും ഷാപ്പ് ഫുഡും, അമ്മയുണ്ടാക്കിയ ചക്ക പ്രഥമൻ അടക്കമുള്ള സദ്യയും, നെല്ലിയാമ്പതിയും, എല്ലാം അവളെ അദ്ഭുതപ്പെടുത്തി.

നമ്മുടെ നാട്‌ സ്വർഗ്ഗമാണെന്ന് അവൾ സമ്മതിച്ചു . പക്ഷെ . ഒരു യാത്രയ്ക്കിടയിൽ അവൾ ടോയ്‌ലറ്റ്‌ യൂസ്‌ ചെയ്യണം എന്നാവശ്യപ്പെട്ടപ്പോൾ ഞാൻ കാർ ഒരു ഹോട്ടലിൽ നിർത്തി . അവൾ ചോദിച്ചു എന്തിനാ ഇവിടെ നിർത്തുന്നെ എന്ന് , ടോയ്‌ലറ്റ്‌ പോകണ്ടെ എന്ന് ചോദിച്ചപ്പോൾ , ഇവിടെ പബ്ലിക്ക്‌ ടോയ്‌ലറ്റ്‌ സിസ്റ്റം ഇല്ലെ , സിംഗപ്പൂർ എല്ലാം അനവധിയുണ്ടല്ലൊ എന്ന് അവൾ ചോദിച്ചു . ഞങ്ങൾക്ക്‌ ഇവിടെ അത്തരം സൗകര്യങ്ങൾ ഇല്ല. ഹോട്ടലുകളും മാളുകളും ആണ്‌ ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നത്‌ എന്ന് പറഞ്ഞു ഞാൻ . ഒടുവിൽ അവൾ ആ ഹോട്ടൽ ടോയ്‌ലറ്റ്‌ യൂസ്‌ ചെയ്യാൻ പോയി . പോയതിനെക്കാൾ സ്പീഡിൽ മൂക്കും പൊത്തി പിടിച്ച്‌ , അവൾ അതിന്റെ ഉള്ളിൽ നിന്ന് ഡേർട്ടി എന്ന് പറഞ്ഞ്‌ ഓടി വന്നു.

വൃത്തിഹീനമായ അന്തരീക്ഷം കാരണത്താൽ കാര്യം നടന്നില്ല. കുറച്ച്‌ കഴിഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി . യൂറിൻ പാസ്‌ ചെയ്യാൻ പറ്റാതിരുന്നാൽ ഒരാളുടെ പെയിൻ ഇത്രയ്ക്കുണ്ടാകുമെന്ന് ഞാൻ അപ്പോഴാ അറിഞ്ഞെ .ഒടുവിൽ അടുത്ത സെന്ററിൽ പെട്രോൾ പമ്പ്‌ ടോയ്‌ലറ്റിൽ കയറി . ഗതികേട്‌ കൊണ്ട്‌ അവൾ ആ ടോയ്‌ലറ്റിൽ ചെന്നു . അതിൽ വെള്ളവുമില്ല. ഒടുവിൽ ഞാൻ പുറത്ത്‌ നിന്ന് വെള്ളം എല്ലാം എടുത്തു കൊടുത്തു . ആ സമയത്ത്‌ അവൾ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കീട്ടുണ്ട്‌ .

അന്നാണ്‌ എനിക്കൊരു കാര്യം മനസിലായെ നമ്മൾ ആണുങ്ങൾക്ക്‌ ഒന്ന് യൂറിൻ പാസ്‌ ചെയ്യണമെന്ന് വച്ചാൽ എവിടുന്നും ആവാം സ്ത്രീകളുടെ കാര്യം കഷ്ടാണ്‌ . മഹാ കഷ്ടം .എന്തായാലും തിരിച്ച്‌ സിംഗപ്പൂർക്ക്‌ പോകുന്നതിന്‌ മുന്നെ അവളെ പാലക്കാട്‌ കോ- ഓപ്പറേറ്റീവ്‌ ഹോസ്പിറ്റലിലും , അവളുടെ അനിയത്തിയെ പുതുക്കാട്‌ കെ.എസ്‌.ആർ.ടീ .സി സ്റ്റാന്റിന്‌ മുന്നിൽ ഉള്ള ഹോസ്പിറ്റലിലും ഇൻഫക്ഷൻ മൂലമുള്ള പനി കാരണം അഡ്മിറ്റ്‌ ആക്കാൻ യോഗം ഉണ്ടായി.

അവൾ പോകുന്നതിന്‌ മുന്നെ എന്നോട്‌ പറഞ്ഞത്‌ ഇതാണ്‌ നിങ്ങളുടെ നാട്‌ സുന്ദരമാണ്‌ . പക്ഷെ വൃത്തി കുറവാണ്‌ . പബ്ലിക്‌ ടോയ്‌ലറ്റ്‌ എന്ന കൺസെപ്റ്റ്‌ ഇവിടെ ഇല്ല. ഇവിടുത്തെ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ വല്ലാതെ ബുദ്ധിമുട്ടില്ലെ. സിംഗപ്പൂർ നോക്കൂ . അതിലൊന്നും ഒരു കുറവും വരുത്തില്ലാ . അത്‌ ശരിയാണ്‌ . അവിടെ വൃത്തിയുള്ള ധാരാളം ടോയ്‌ലറ്റ്സ്‌ നമുക്ക്‌ കാണാം.

അവൾ പറഞ്ഞത്‌ ശരിയല്ലെ എത്ര വൃത്തിയുള്ള ടോയ്‌ലറ്റ്‌ ഉണ്ട്‌ ഇവിടെ സ്ത്രീകൾക്കായി . പുരുഷനെക്കാൾ ഏറ്റവും വേഗത്തിൽ ഇൻഫ്ക്ഷൻ ബാധിക്കുന്ന ശരീരമാണിവരുടേത്‌. എവിടെ സ്ഥലം കിട്ടിയാലും കാര്യം സാധിക്കാൻ കഴിവുള്ള കേരളത്തിലെ ചില തരുണീ മണികൾക്ക്‌ ഈ പ്രശ്നമൊന്നും ബാധകമല്ല എന്നറിയാം .അത്യാവശ്യം വൃത്തീം വെടിപ്പുമുള്ളവർക്ക്‌ അതൊക്കെ ഒരു പ്രശ്നം തന്നെയാണെ.

എന്തായാലും സ്ത്രീകളുടെ പ്രധാന പ്രശ്നം ശബരിമലയും ചാളപൊരിച്ചതും ആവർത്തനവും ഒന്നുമല്ലാ എന്ന് മനസിലാക്കാൻ ഇവിടുത്തെ തരുണീമണികൾക്ക്‌ എത്ര കാലം പിടിക്കും ആവോ . ഒന്നിനും നേരം വെളുത്തിട്ടില്ലാന്നെ