നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനെന്ന്‌ പ്രതികളുടെ മൊഴി

കോഴിക്കോട്‌: സി.ഒ.ടി.നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. കുണ്ടേരി സ്വദേശിയായ സന്തോഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറി രാജേഷ് ഒട്ടേറെത്തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. 

അതിനിടെ തലശേരിയിലെ സി.ഒ.ടി. നസീറിനെ അക്രമിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ചുകയറ്റുന്നതിന്റെ കൂടുതൽ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്.  അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേരടക്കം അഞ്ചുപേരാണ് ഇതുവരെ  പിടിയിലായിട്ടുള്ളത്.