നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ അസദ്ദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി. ന്യൂനപക്ഷങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ പശുവിന്‍റെ പേരിലും മറ്റുമുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ ചെറുക്കുകയും വേണമെന്ന് ഒവൈസി പറഞ്ഞു.

‘മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവകാശമാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, അല്ലാതെ മൃഗങ്ങള്‍ക്കല്ല. പ്രധാനമന്ത്രി ഇത് മനസ്സിലാക്കുമെന്ന് ഉറപ്പുണ്ട്. എങ്കില്‍ മാത്രമെ ന്യൂനപക്ഷങ്ങളുടെ ഭീതി ഇല്ലാതാകുകയുള്ളൂ’- ഒവൈസി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നത് ശരിയാണെങ്കില്‍ അഖ്‍ലഖിനെ കൊലപ്പെടുത്തിയവര്‍ തെരഞ്ഞെടുപ്പ് പൊതുപരിപാടികളില്‍ മുന്‍നിരയില്‍ ഇരുന്നതും അദ്ദേഹം മനസ്സിലാക്കണം. മധ്യപ്രദേശിലെ 300 എംപിമാരില്‍ ബിജെപിയില്‍ നിന്നുള്ള എത്ര മുസ്ലീം എംപിമാര്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് മോദി വ്യക്തമാക്കണം. ഈ വൈരുധ്യമാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി തുടര്‍ന്നുവന്നത്- ഒവൈസി വ്യക്തമാക്കി.

പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ശനിയാഴ്ച അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ മതത്തിന്‍റെയോ ജാതിയുടെയോ വര്‍ഗത്തിന്‍റെയോ പേരിലുള്ള വിവേചനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.