നരേന്ദ്രമോദിയെ രാഷ്ട്രപതി പ്രധാനമന്ത്രിയായി നിയമിച്ചു

 രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി വ്യക്തമാക്കി.

 പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്ത ശേഷം സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് നേതാക്കൾ രാഷ്ട്രപതിയെ കാണുകയായിരുന്നു. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും ഉടൻ അറിയിക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 30ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.

എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സർക്കാർ ആയിരിക്കും തന്റേതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്ക്കരി, സുഷമാ സ്വരാജ്, എൻഡിഎയിലെ മറ്റ് പ്രമുഖ നേതാക്കളായ പ്രകാശ് സിംഗ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പസ്വാൻ, കെ പളനിസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത കത്തും എംപിമാരുടെ പിന്തുണ കത്തും രാഷ്ട്രപതിക്ക് കൈമാറി.