നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കർ

കോഴിക്കോട്: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെൻ കുമാർ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അവാർഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താൽപര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുവരുടേത് മാന്യതയില്ലാത്ത നടപടിയാണ്’ – ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തി. നമ്പി നാരായണന് കിട്ടിയ പുരസ്‌കാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ ആഹ്ലാദിക്കുകയാണ് വേണ്ടത്.

അംഗീകാരം കിട്ടുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളികളുടെ ജനിതകപ്രശ്‌നമാണ്. സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.