നടി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാള്‍ നല്‍കി നിര്‍മാതാവ്

നടി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാള്‍ നല്‍കി നിര്‍മാതാവ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് നടിക്ക് വള്ളി ഉടവാള്‍ നല്‍കിയത്. ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നിര്‍മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാള്‍ സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ജാക്കി’ ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍. മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നടി സ്ഥിരസാന്നിധ്യമായി മാറിയിരുന്നു. ഏറെ വര്‍ഷമായി സിനിമാരംഗത്തുള്ള ഭാവനയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്. കന്നഡ നിര്‍മ്മാതാവ് നവീനായിരുന്നു ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ശേഷം ബംഗളൂരുവിലേക്ക് പോയ നടി തുടര്‍ന്നും അഭിനയ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിരുന്നു.