നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. വനിതാ ജഡ്ജിയെ നിയമിക്കുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള വനിതാ ജഡ്ജിമാരുടെ പട്ടിക സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വിചാരണയ്ക്കായി ജഡ്ജിയെയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന വനിതാ ജഡ്ജിമാരുടെ പട്ടിക രജിസ്ട്രാറില്‍ നിന്നും സ്വീകരിച്ച ശേഷം ഇവരില്‍ ഒരാളെയാവും കോടതി നിയമിക്കുക. വനിതാ ജഡ്ജിയെ നിയമിക്കുന്നതോടെ വിചാരണ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.