‘ധീരതയും, പക്വതയില്ലായ്മയും രണ്ടും രണ്ടാണ് എന്ന വസ്തുത പിണറായി ഫാൻസ്‌ സൗകര്യപൂർവ്വം മറക്കുന്നു’

അനൂപ്. സി. ബി

മുഖ്യമന്ത്രി പിണറായി എന്തൊരു ധീരനാണ്. ഇത്ര ചങ്കൂറ്റമുള്ള ഒരു മുഖ്യമന്ത്രി മുൻപ് ഉണ്ടായിട്ടുണ്ടോ ? എന്നൊക്കെയാണ് ശബരിമല വിഷയത്തിൽ സഖാക്കൾ എഫ്ബിയിൽ പിണറായിയെ പ്രകീർത്തിക്കുന്നത്. പക്ഷെ ധീരതയും, പക്വതയില്ലായ്മയും രണ്ടും രണ്ടാണ് എന്ന വസ്തുത പിണറായി ഫാൻസ്‌ സൗകര്യപൂർവ്വം മറക്കുന്നു. കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അത് നടപ്പാക്കുന്നതിന് സർക്കാരിനെ കുറ്റം പറയാനുമാകില്ല.

എന്നാൽ സമാധാനപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ പ്രകോപനം ഉണ്ടാക്കുന്ന പ്രസ്താവനകളും, വെല്ലുവിളികളും ഒരു ഭരണാധികാരി തന്നെ പുറപ്പെടുവിക്കുന്നത് പക്വതക്കുറവാണ് എന്ന് പറയാതെ നിർവ്വാഹമില്ല. ശബരിമല വിഷയത്തിൽ ഉമ്മൻചാണ്ടി വ്യക്തമായ എന്തെങ്കിലും അഭിപ്രായം പറയുന്നത് നിങ്ങൾ ആരെങ്കിലും കേട്ടോ ? ഉമ്മൻചാണ്ടി പോയിട്ട് രമേശ് ചെന്നിത്തലയോ എന്തിന് സ്വന്തം പാർട്ടിയെ പോലും വെട്ടിലാക്കുന്ന സത്യങ്ങൾ പറഞ്ഞിട്ടുള്ള ശ്രീ. വി.എസ്. അച്യാതാനന്ദൻ പോലും എന്തെങ്കിലും പറയുന്നത് നിങ്ങൾ കേട്ടോ ? ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പോലും കരുതലോടെയാണ് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത്. ഇവർക്കാർക്കും ചങ്കൂറ്റം ഇല്ലാഞ്ഞിട്ടല്ല പക്ഷെ, ഈ വിഷയത്തിലുള്ള പ്രസ്താവനകൾ അതിവൈകാരികമായി വിശ്വാസികൾ ഉൾപ്പെടുന്ന ജനസമൂഹം ഏറ്റെടുക്കുമെന്ന ബോധ്യം അവർക്കൊക്കെ ഉണ്ട്.

ശബരിമല വിഷയം സംഘർഷത്തിലേക്ക് നീങ്ങിയാൽ അത് ബിജെപിക്കും, ഹൈന്ദവ സംഘടനകൾക്കും രാഷ്ട്രീയ മുതലെടുപ്പിനുള്ള ഏറ്റവും വലിയ അവസരമായിരിക്കും ഉണ്ടാകുന്നത്. ഒരു കലാപം തന്നെ ഉണ്ടായാലും ബിജെപിക്കും, കോൺഗ്രസ്സിനും ഒന്നും നഷ്ടപ്പെടാൻ ഇല്ല. പഴി സർക്കാരിന് മാത്രമായിരിക്കും. പിടിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ, കൊന്ന് കൊണ്ടുവരുന്ന ബെഹ്റയുടെ ഔചിത്യബോധമില്ലാത്ത പോലീസിനെ ഇറക്കിയും , രാഷ്ട്രീയ പ്രകോപനം സൃഷ്ടിച്ചും ശബരിമല വിഷയം പിണറായി കൈകാര്യം ചെയ്യുന്നത് തീക്കൊള്ളി കൊണ്ട് തല തടവുന്നത് മാതിരിയാണ്.

കേരളത്തിലെ ഒരു ചെറിയ ക്രമസമാധാന പ്രശ്നം പോലും ദേശീയതലത്തിൽ ഊതിപ്പെരുപ്പിച്ചു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പിടിപ്പുകേടാക്കാൻ കാത്തുനിൽക്കുന്ന അമിത്ഷായ്ക്കും, അണികൾക്കും കാര്യങ്ങൾ എളുപ്പമാക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്. ഗ്യാലറിക്ക് വേണ്ടി കളിക്കരുത് എന്ന് ശബരിമല വിഷയത്തിലും, ഇതിനൊക്കെ ഒരു രീതിയില്ലേ ? എന്ന് സാലറി ചാലഞ്ചിലും ഹൈക്കോടതി സർക്കാരിനോട് പറഞ്ഞത് ഈ പക്വതക്കുറവ് മനസ്സിലാക്കിയിട്ട് തന്നെയാണ്. എന്നിട്ടും, ഇതൊന്നും തിരിച്ചറിയാനുള്ള കഴിവില്ലാതെ ജയ് വിളിക്കുന്ന കുറെ അണികളെ തൃപ്തിപ്പെടുത്താൻ വേണ്ടി മുഖ്യമന്ത്രി ഉത്സാഹിക്കുന്നത് തുടർന്നാൽ ബംഗാളിലെ നന്ദിഗ്രാം സംഭവം പോലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരിക്കും ‘ശബരിമല വിഷയം.’