ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ പ്രതിഷേധം; ചിലയിടങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗായി വേഷമിട്ട ചിത്രം ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. റിലീസ് ദിവസം ചിത്രത്തിന് എതിരെ പ്രതിഷേധങ്ങളുണ്ടായെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ മുടങ്ങുകയും ചെയ്‍തു.

കൊല്‍ക്കത്തിയില്‍ ചാന്ദ്നി ചൌക്ക് പ്രദേശത്തെ തീയേറ്ററില്‍ പ്രദര്‍ശനം തുടങ്ങി 10 മിനിട്ടിനകം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രദര്‍ശനം ഒഴിവാക്കേണ്ടി വന്നത്. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി തീയേറ്ററിനു മുന്നിലെത്തിയത് ഉച്ചയ്‍ക്ക് ശേഷമുള്ള പ്രദര്‍ശനും സുരക്ഷാകാരണത്താല്‍ ഒഴിവാക്കുകയും ചെയ്‍തു. ചിത്രത്തിന്റെ പ്രമേയം ഡോ. മന്‍മോഹന്‍ സിംഗിനെ മോശമാക്കുന്നതാണെന്ന് ബംഗാള്‍യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ലുധിയാനയിലെ ഒരു മള്‍ട്ടിപ്ലക്സ് തിയേറ്ററിലും പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കേണ്ടി വന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.