‘ദ് സൗണ്ട് സ്റ്റോറി’ ഓസ്‌കര്‍ മത്സരവിഭാഗത്തില്‍; ബഹുമതി വടക്കുംനാഥന് സമർപ്പിക്കുന്നുവെന്ന് റസൂൽ പൂക്കുട്ടി

തൃശൂർ പൂരത്തിന്റെ ശബ്ദ വിരുന്നിനെക്കുറിച്ച് റസൂൽ പൂക്കുട്ടി ഒരുക്കിയ ദ് സൗണ്ട് സ്റ്റോറി ഓസ്കറിലേയ്ക്ക്. 91ാമത് ഓസ്കർ നാമനിർദേശ പട്ടികയിലേയ്ക്ക് പരിഗണിക്കുന്ന 347 സിനിമളിൽ ഒന്ന് സൗണ്ട് സ്റ്റോറിയാണ്. ഈ ബഹുമതി വടക്കുംനാഥന് സമർപ്പിക്കുന്നുവെന്ന് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

മികച്ച ചിത്രത്തിനുള്ള പരിഗണപട്ടികയിലേയ്ക്കാണ് സൗണ്ട് സ്റ്റോറിയും മത്സരിക്കുന്നത്. 1970ലാണ് ഇതിനു മുമ്പ് ഇത്രയധികം സിനിമകൾ മികച്ച സിനിമാ വിഭാഗത്തിലേയ്ക്ക് പരിഗണിക്കപ്പെട്ടത്. ജനുവരി 22നാണ് ഓസ്കർ നാമനിർദേശപട്ടിക പുറത്തുവിടുക. ഫെബ്രുവരി 24നാണ് ഓസ്കർ പ്രഖ്യാപനം.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണമൊരുക്കി, നായകനാകുന്ന ചിത്രമാണ് ദ് സൗണ്ട് സ്റ്റോറി. കഴിഞ്ഞ തൃശൂർ പൂരം തൽസമയം റെക്കോർഡ് ചെയ്താണ് സിനിമ ഒരുക്കിയത്. റസൂൽ പൂക്കുട്ടിയുടെ ആശയത്തിൽ നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജ് ആണ് സംഗീതം.