ദ്രോണാചാര്യരെന്ന കളങ്കം

ബോധി ദത്ത

ഞെട്ടിയോ? ദേഷ്യം വന്നോ? രണ്ടു വാക്കു പറഞ്ഞു വിസിബിലിറ്റി കൂട്ടാൻ ഉള്ള വകുപ്പുണ്ടോ? ഉണ്ടെങ്കിൽ , അത്രെയേ കവി ഉദ്ദേശിക്കുന്നുള്ളൂ .

ഭാരതത്തിന്റെ ഗുരുപരമ്പരയാകുന്ന രത്നശേഖരത്തിലെ ഏറ്റവും തിളക്കമാർന്ന രത്നം തന്നെയാണ് ദ്രോണാചാര്യർ . ഭാരതത്തിലെ മികച്ച കായിക രംഗത്തുള്ള ഗുരുവിനു കൊടുക്കുന്ന പാരിതോഷികത്തിന്റെ പേര്. ഐഎന്‍എസ്‌ ദ്രോണാചാര്യാവട്ടെ ഇന്ത്യൻ നാവികസേനയുടെ നട്ടെല്ലായ ,എണ്ണൂറോളം ഉദ്യോഗസ്ഥർക്ക് വർഷാവർഷം റഡാർ, ആർട്ടില്ലെറി, ഷൂട്ടിംഗ് ,മിസൈൽസ് തുടങ്ങിയവയിൽ പ്രാഗല്ഭ്യം കൊടുക്കുന്ന അഭിമാനമാണ് രാജ്യസ്നേഹികൾക്ക്. അറിഞ്ഞിട്ട പേര്. ഏതൽപ്പബുദ്ധിക്കും തന്നിഷ്ടപ്രകാരം , ഗുണപ്രകാരം വ്യാഖാനിക്കാനുള്ള എല്ലാം വ്യാസഭഗവാൻ മഹാഭാരതത്തിൽ ഇതിഹാസമായി ചേർത്തിട്ടുണ്ട്. കാണുന്ന ആളുടെ ഉദ്ദേശത്തിനും, ലക്ഷ്യത്തിനും , കഴിവിനും , ആത്മീയ മാനസിക ആരോഗ്യത്തിനും ചേരുന്ന രീതിയിൽ ആവിഷ്കരിച്ചു ഒരു ജന്മം തീരാനുള്ള അത്ര . ചിലർ ദ്രോണരെന്ന മഹാഗുരുവിന്റെ കാണുമ്പോൾ, ചിലർ അദ്ദേഹത്തിൽ തന്റെ കുറവുകളും പോരായ്മകളും ആരോപിച്ച്‌ സമാധാനിക്കുന്നു. ദ്രോണരോടൊപ്പം വളരാനാവില്ല , അതുകൊണ്ടു ദ്രോണരെ ഇകിഴ്ത്തി നിർവൃതി അടയുന്നു.അങ്ങനെ ഉള്ള ചിലർ ദ്രോണരെ ഇകഴ്ത്താൻ ഉപയോഗിക്കുന്ന ആയുധമാണ് ഏകലവ്യൻ. ‘ജാതിയിൽ താഴ്ന്ന പാവം ഏകലവ്യന്റെ പെരുവിരൽ അസൂയകൊണ്ടു അറുത്തു വാങ്ങിയ ദ്രോണരെന്ന’ ആരോപണം ആയിരം ആവർത്തി പറഞ്ഞു സത്യമായ നുണകളിലൊന്നാണ്. മൂന്ന് ഘട്ടമായി പരിശോധിക്കേണ്ട ഒന്നാണ്.

ആരായിരുന്നു ഏകലവ്യൻ?

നിഷാദ രാജാവ് ഹിരണ്യദാനുസ്സിന്റെ ദത്തുപുത്രൻ ആയിരുന്നു ഏകലവ്യൻ. മഹാക്രൂരൻമാരായ നിഷാദരുടെ ക്രൂരത കാരണം സരസ്വതി നദിപോലും ഹൃദയത്തിൽ ഒളിച്ചു എന്ന് വനപർവ്വത്തിൽ പറയുന്നു. ജരാസന്ധന്റെ ശിഷ്യനായിരുന്നു. മൃഗങ്ങളെ അമ്പെയ്തു കൊല്ലുന്ന നിഷാദ ഗുണവും , ആളെ കൊള്ളയടിച്ചു ധനം സ്വരൂപിച്ചു കൊല്ലുന്ന രാക്ഷസ ഗുണവും ഏകലവ്യനിലുണ്ടായിരുന്നു. ഭഗവാൻ കൃഷ്ണന്റെ പിതാവായ വാസുദേവരുടെ സഹോദരൻ ദേവശ്രവസ്സിന്റെ പുത്രൻ ആയിരുന്നു ഏകലവ്യൻ . യാദവൻ. തത്കാലം സവർണ ഫാസിസത്തിനൊന്നും സ്കോപ്പ് ഇല്ല. ക്രൂരനും പാപിയുമായ ഏകലവ്യനെ മാതാപിതാക്കൾ ഉപേക്ഷിച്ചു(ഹരിവംശ പർവം 20.122)ചതിയുടെയും ക്രൂരതയുടെയും ദീപശിഖ ഏന്തി വന്ന നിഷാദനെ ഒറ്റ നോട്ടത്തിൽ അളക്കാൻ ദേവഗുരുവായ ബൃഹസ്പതി അവതാരവും സാക്ഷാൽ പരശുരാമനിൽ നിന്നും വിദ്യ അഭ്യസിച്ചവനുമായ ദ്രോണാചാര്യർക്കു എളുപ്പം കഴിഞ്ഞു. ധനസമാഹരണത്തിനു വേണ്ടി ആളെ കൊല്ലുന്ന , കൊള്ളയടിക്കുന്ന ശംബല എന്ന രാക്ഷസകൂട്ടത്തിനു ഒത്താശ ചെയ്യുന്ന , മൃഗങ്ങളുടെ വായിലേക്ക് ഉന്നം വച്ച് അമ്പെയ്തു പഠിക്കുന്ന ക്രൂരനായ ജരാസന്ധന്റെ കൂട്ടാളിയെയാണ് അകക്കണ്ണുള്ള ദ്രോണർ തിരസ്കരിച്ചത് . ഭ്രഷ്ടരായ യാദവർ ആണെങ്കിൽ കുരുവംശത്തിന്റെ ശത്രുക്കളും . രാജകുമാരന്മാരുടെ കൂടി നിര്ബന്ധത്തിലാണ് അദ്ദേഹം ഏകലവ്യനെ തിരിച്ചയച്ചത്. വിദ്യ പാത്രമറിഞ്ഞു വിളമ്പണമെന്നും തീവ്രവാദിയെ കൂടുതൽ ശക്തനാക്കരുതെന്നും തീരുമാനിക്കാനുള്ള സ്ഥൈര്യവും ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പലർക്കുമില്ലാത്ത ഒന്ന്. യാദവനായി വളർന്ന ഭഗവാനെ വണങ്ങിയ ദ്രോണർക്കു ജാതി ചിന്തയുണ്ടെന്നു കരുതാനും വയ്യ. ഗുണമാണ് വർണം , ജന്മമല്ല. എത്ര സ്പഷ്ടം.

ദ്രോണാചാര്യരെ ഭീഷ്മർ കുരുവംശത്തിലെ ഗുരുവായാണ് നിയുക്തനാക്കിയത് . കുരുവംശത്തിലെ രാജകുമാരന്മാരെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കലാണ് അദ്ദേഹത്തിന്റെ ധർമം. ഒരു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ അടുത്തവിദ്യാലത്തിലെ അല്ലെങ്കിൽ പുറത്തു നിന്നൊരു കുട്ടിയെ ക്ലാസ്സിൽ ഇരുത്തി വിദ്യ പകരുമോ? എന്നിട്ടും കർണ്ണനെ അദ്ദേഹം ശിഷ്യനായി സ്വീകരിക്കാൻ തയ്യാറായി. സൂതപുത്രനെ , തേജസ്സു കണ്ടറിഞ്ഞു സൂര്യപുത്രനെന്നു മനസ്സിലാക്കി കർണ്ണൻ

എന്ന് വിളിച്ചതും അദ്ദേഹം തന്നെയത്രെ( ഇതേതു മഹാഭാരതം സീരിയൽ ആണാവോ) അങ്ങനെയെങ്കിൽ ക്രൂരനും , അധർമിയുമായ ഏകലവ്യനെ തിരിച്ചയച്ച അതെ ഉൾകണ്ണ് . രാജകുമാരന്മാരുടെ ഗുരുവായിരുന്നിട്ടും കര്ണ്ണന് വിദ്യ ദാനമായി നൽകാൻ അദ്ദേഹം തയ്യാറായി. സ്വന്തം മകന് പാല് പോലും നല്കാനാവാത്ത ദാരിദ്ര്യത്തിലും അദ്ദേഹം വിദ്യ ദാനമായി നൽകാം എന്ന് പറഞ്ഞതാണ് അത്ഭുതം. ദാനമായി നൽകാമെന്ന് പറഞ്ഞത് കര്ണന് അവഹേളനമായത്രേ. ഏതു കര്ണ്ണന് ? ദാനശീലത്തിനു വാഴ്ത്തപ്പെടുന്ന കര്ണന്. അപാരം തന്നെ. വിദ്യ ദാനമായി നൽകുന്നതിന്റെ മഹത്വം ഫീസ് എണ്ണി വാങ്ങി , ശമ്പളം എണ്ണിനോക്കി , ലക്ഷങ്ങൾ കൈക്കൂലി നൽകി വിദ്യപകരുന്ന ഇന്നത്തെ അധ്യാപകർക്ക് മനസ്സിലാവുന്നതിലപ്പുറമാണ്.

ഭാരതീയ വിചാരധാരയിൽ വിദ്യ ഗുരുമുഖത്തു നിന്നും നേടേണ്ടതാണ്. ഗുരു ശിഷ്യനെ അളന്നു അതിനനുസൃതമായി നല്കുന്ന വിദ്യ.ജ്ഞാനം പൂര്ണമാവുന്നതു ഗുരു നൽകുന്ന പരിജ്ഞാനത്തിലൂടെ ആണ്. തന്റെ അനുവാദമില്ലാതെ , പരിജ്ഞാനം നേടാതെ ചതിയിലൂടെ വിദ്യ നേടിയ ഏകലവ്യൻ ദ്രോണർക്കു സ്വീകാര്യനായിരുന്നില്ല. ഏകലവ്യന്റെ തമോഗുണം ആയിരിക്കണം അദ്ദേഹത്തെ പരിഭ്രമിപ്പിച്ചത്. പക്ഷെ മകനായ അശ്വത്ഥാമാവിന് ചക്രവ്യൂഹം ഉപദേശിക്കുമ്പോൾ കളി നിർത്തി വന്ന അർജ്ജുനനോട് ‘ നീ എന്നിൽ നിന്നും എല്ലാം പഠിക്കും’ എന്ന് സന്തോഷത്തോടെ പറഞ്ഞെന്നാണ് കഥ. പുത്രനും ശിഷ്യനും തമ്മിൽ വ്യത്യാസമില്ലാത്ത ഗുരു. അർജ്ജുനന്റെ കഴിവും പഠിക്കാനുള്ള താൽപ്പര്യവും അറിഞ്ഞു വിദ്യ നൽകുന്ന ഗുരു. എത്ര ശ്രേഷ്ഠൻ.

ഏകലവ്യന്റെ ആയോധന മുറക്ക് കടിഞ്ഞാണിടാൻ പെരുവിരൽ ചോദിച്ച ക്രൂരനത്രെ ദ്രോണർ . അമ്പെയ്‌ത്ത് അഥവാ ആർച്ചെറി . പെരുവിരൽ ആവശ്യമേ ഇല്ലാത്ത ഒന്ന്. അമ്പെയ്യുന്ന ആരോടും ചോദിക്കാം, പെരുവിരൽ ഇല്ലാതെയും ചെയ്യാവുന്ന ഒന്ന് .ശബ്ദം കേട്ട് അമ്പെയ്യുന്ന ശബ്ദവേദി ആണ് ഏകലവ്യന്റെ പ്രത്യേകത. കേൾവി ശക്തിയോ, അമ്പെയ്യുന്ന വിരലുകളോ ഒന്നും ചോദിക്കാതെ ധര്മിഷ്ഠനായ ദ്രോണർ ചോദിച്ചത് ആവശ്യമില്ലാത്ത പെരുവിരൽ. ഒരു ശിക്ഷ എന്നോണം ആയിരിക്കും. അത് കൊണ്ട് തന്നെയാണ് ഏകലവ്യൻ ശ്രീകൃഷ്ണനെതിരെ പതിനെട്ടു യുദ്ധത്തിൽ ജരാസന്ധന്റെ മികച്ച പോരാളിയായി യുദ്ധം ചെയ്തതും, ദുര്യോധനനോടൊപ്പം ചേർന്ന് കൃഷ്ണ പുത്രനെ വധിച്ചതും ഭഗവാനാൽ കൊല്ലപ്പെട്ടതും. പെരുവിരൽ ഏകലവ്യന് ആവശ്യമേ ഉണ്ടായിരുന്നില്ല. ദ്രോണരുടെ ശിഷ്യനെന്നു കള്ളം പ്രചരിപ്പിച്ചതിന് ധര്മശാസ്ത്രം അനുസരിച്ചു തലകൊയ്യാമായിരുന്നിട്ടും ചോദിച്ചത് ആവശ്യമില്ലാത്ത ഒന്ന് .

ദ്രോണർ ഗുരു ശ്രേഷഠൻ തന്നെ. അല്ലെങ്കിലും രാഷ്ട്രീയാന്ധതയിൽ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം ശിഷ്യരുടെ മനസ്സ് വിഷലിപ്തമാക്കിയ ഗുരുവോ, ശിഷ്യരെ തമ്മിൽ കൂട്ടിയിടിപ്പിച്ചു ചോര കുടിച്ച , അതിൽ ചിലർ പിടഞ്ഞു വീഴുമ്പോൾ നിഗൂഢമായി ആനന്ദിച്ച ഗുരുവോ ആയിരുന്നില്ല . വിദ്യാർത്ഥികളെ കൂടെ കൊണ്ട് നടന്നു ആത്മാനുരാഗം ഫോട്ടോ ആയി പകർത്തിയിട്ടില്ല. വിദ്യ നൽകുകയാണ് ചെയ്തത്. . ദ്രോണരുടെ ശിഷ്യരാരും തന്നെ നിങ്ങളുടെ ശിഷ്യനായതിൽ ലജ്ജിക്കുന്നു എന്ന് തുറന്ന കത്തും എഴുതിയിട്ടില്ല. ആ മഹത്വം അറിഞ്ഞു കാലിൽ കുമ്പിട്ടിട്ടേ ഉള്ളു.

നല്ല ഗുരുവാവാൻ ഗുരുത്വം വേണം. അല്ലെങ്കിൽ എത്ര തേജസ്സു സ്ഫുരിക്കുന്ന പടികൾ ചവിട്ടിക്കയറിയെന്നു തോന്നിയാലും ഗുരുത്വാകർഷണം വലിച്ചു താഴെയിടും വീഴേണ്ടത് സാഷ്ടാംഗം ഏറ്റവും വലിയ ഗുരുവും പ്രകൃതിയും ആയ ഭൂമിയിലേക്കാണ്. കൂടെ നിൽക്കാനൊക്കെ പാടാവും.