ദൈവത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ നടപടിയെടുക്കും: ടിക്കാറാം മീണ

തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദൈവത്തിന്റെ പേരില്‍ ആര് തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയാലും നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമലയിലെ വിഷയങ്ങള്‍ പ്രചരണ വിഷയമാക്കരുതെന്നു പറഞ്ഞിട്ടില്ല. അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടു പിടിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കര്‍മ്മസമിതിയുടെ പ്രചരണ ബോര്‍ഡുകള്‍ മാറ്റുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം.തനിക്കെതിരെ ആരു പരാതിപ്പെട്ടാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു. ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ബിജെപിയും ശബരിമല കര്‍മ്മസമിതിയും തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.