ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് രാജി വച്ച്‌ ഇറങ്ങിപ്പോകണം: ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ദേവസ്വംബോര്‍ഡ് നിലപാടില്‍ മലക്കം മറിഞ്ഞതില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റോ അംഗങ്ങളോ അറിയാതെ എങ്ങനെയാണ് അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തതെന്നും ചെന്നിത്തല ചോദിച്ചു.

ബോര്‍ഡിന്‍റെ കരണം മറിച്ചില്‍ വിശ്വാസികളെ വേദനിപ്പിച്ചു. ആരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതില്‍ സര്‍ക്കാരിന്‍റെ കള്ളക്കളിയും വ്യക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ദേവസ്വംബോര്‍ഡ് എടുക്കാത്ത ഒരു തീരുമാനം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കില്‍ ബോര്‍ഡ് പ്രസിഡന്‍റ് രാജി വച്ച്‌ ഇറങ്ങിപ്പോകണം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും വുശ്വാസികളെ മാനിച്ചില്ല. സര്‍ക്കാരിന്‍റെ അറിവോടെയാണോ ദേവസ്വംബോര്‍ഡ് അഭിഭാഷകന്‍ നിലപാട് കോടതിയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ‍

ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാണ്. സുപ്രീംകോടതിയില്‍ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച്‌ സംസാരിച്ചതിനെക്കുറിച്ച്‌ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട് വിശദീകരണം നല്‍കാന്‍ പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്നോടാരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും ബോര്‍ഡ് നിലപാടില്‍ മലക്കം മറിഞ്ഞിട്ടില്ലെന്നുമാണ് കമ്മീഷണറുടെ മറുപടി.