ദേവസംഗീതവുമായി വന്ന സംഗീതമാന്ത്രികൻ ജി.ദേവരാജന്റെ ജീവിതകഥ

സതീശൻ കൊല്ലം

കൊല്ലം പരവൂരിൽ നാരായണനാശാൻ എന്നൊരു കഥകളി ചമയകലാകാരൻ ഉണ്ടായിരുന്നു. ചുട്ടികുത്തുന്നതിനും ചമയത്തിനും അതീവ വിദഗ്ദനായിരുന്നു അദ്ദേഹം. നാരായണനാശാന്റെ മകൻ കൊച്ചുഗോവിന്ദൻ കഥകളി പഠിച്ചുവെങ്കിലും ഉയരം കുറവായതിനാൽ അരങ്ങത്ത് പ്രധാനവേഷമൊന്നും ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം കെ.ആർ.കുഞ്ഞുണ്ണിത്താൻ്റെ കീഴിൽ സംഗീതപഠനം നടത്തി. കൊച്ചുഗോവിന്ദന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ ഗുരു മൃദംഗം പരിശീലിച്ചാൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതുകൊണ്ട് അത് പഠിക്കാൻ ഉപദേശിച്ചു. അങ്ങനെ കഥകളിയും വായ്പ്പാട്ടും പഠിച്ച കൊച്ചുഗോവിന്ദൻ പ്രശസ്ത മൃദംഗവിദ്വാനായ പുതുക്കോട്ട ദക്ഷിണാമൂർത്തിപിള്ളയുടെ കീഴിൽ മൃദംഗം പരിശീലിക്കുകയും വളരെ മിടുക്കനായ മൃദംഗവിദ്വാനെന്നു പേരെടുക്കുകയും ചെയ്തു. ആ കൊച്ചുഗോവിന്ദന്റെയും ഭാര്യ കൊച്ചുകുഞ്ഞിൻ്റെയും സീമന്തപുത്രനായി പരവൂർ കോട്ടപ്പുറത്ത് 1927 സെപ്റ്റംബർ 27ന് ദേവരാജൻ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം പൊഴിക്കര വേലുപ്പിള്ള എന്ന അദ്ധ്യാപകന്റെ കീഴിലായിരുന്നു. തുടർന്ന് കോട്ടപ്പുറം ഹൈസ്‌കൂളിൽ ചേർന്നു.തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്‌കൂളിൽ പഠിച്ചു E.S.L.C പാസ്സായി.1946-48 കാലത്ത് അദ്ദേഹം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്റർമീഡിയറ്റ് പഠനം നടത്തിയശേഷം എം.ജി.കോളേജിൽ ബിരുദപഠനം നടത്തി.

തന്റെ സംഗീതപഠനത്തെക്കുറിച്ച് ദേവരാജൻ ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്. “സംഗീതം പഠിക്കാൻ ഞാനെങ്ങും പോയിട്ടില്ല. അച്ഛനാണ് എന്നെ പാട്ട് പഠിപ്പിച്ചത്.മൃദംഗവിദ്വാനായിരുന്നെങ്കിലും അച്ഛൻ മറ്റുള്ളവരെ പഠിപ്പിച്ചത് വായ്പ്പാട്ടാണ് .കർണാടകസംഗീതത്തിൽ ഗാഢമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് സ്വരസ്ഥാനങ്ങളിലും രാഗങ്ങളിലും നല്ല വ്യുൽപ്പത്തിയുണ്ടായിരുന്നു”. അച്ഛനിൽ നിന്നും സംഗീപപാഠങ്ങൾ ഉൾക്കൊണ്ട ദേവരാജൻ വീണപഠിച്ചത് പ്രശസ്ത വീണവിദ്വാൻ കൃഷ്ണൻ തമ്പിയുടെ കീഴിലായിരുന്നു.

കുട്ടിക്കാലം മുതൽ തമിഴ്, ഹിന്ദി സിനിമ കാണുന്നതിൽ വലിയ കമ്പമുള്ളയാളായിരുന്നു ദേവരാജൻ. സിനിമക്കഥകളായിരുന്നില്ല അദ്ദേഹത്തെ ആകർഷിച്ചത് അവയിലെ പാട്ടുകളായിരുന്നു.പരവൂരിൽ നിന്നും കുറച്ചകലെയുള്ള കൊല്ലം നഗരത്തിലുള്ള ശ്രീമൂലംപാലസ് തിയേറ്ററിൽ(ഈ തീയേറ്ററിൽ അന്നും ഇന്നും തമിഴ്, ഹിന്ദി ചിത്രങ്ങളാണ് അധികവും പ്രദർശിപ്പിക്കുന്നത്) സ്ഥിരമായി ചലച്ചിത്രങ്ങൾ കാണാനെത്തുമായിരുന്നു.

ദേവരാജന് പതിനെട്ട് വയസ്സുള്ളപ്പോൾ കൊല്ലം തേവള്ളിയിലുള്ള മലയാളിമന്ദിരത്തിൽ വെച്ച് വായ്പ്പാട്ടിൽ അരങ്ങേറ്റം നടത്തി. തുടർന്ന് അദ്ദേഹം സ്വന്തമായി കച്ചേരികൾ നടത്താനാരംഭിച്ചു.കൊല്ലം ഓച്ചിറക്ഷേത്രത്തിൽ വെച്ചു നടന്ന കച്ചേരി കേൾക്കാനിടയായ ചാലക്കുടി നാരായണസ്വാമിയും മാവേലിക്കര കൃഷ്ണൻകുട്ടി നായരും ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ ദേവരാജന്റെ കച്ചേരിക്കുവേണ്ടി ശുപാർശ ചെയ്തു. ആ കച്ചേരി ആസ്വദിക്കാനെത്തിയവരിൽ വയലാർ രാമവർമ്മയുമുണ്ടായിരുന്നു.തുടർന്ന് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നിരവധി കച്ചേരികൾ അദ്ദേഹം നടത്തി ശ്രദ്ധേയനായി മാറി.

ദേവരാജന്റെ സംഗീതപരിപാടി ആദ്യമായി പ്രക്ഷേപണം ചെയ്തത് തൃശ്ശിനാപ്പള്ളി റേഡിയോനിലയമാണ്.പിന്നീട് അദ്ദേഹം കേരളത്തിലെ ആകാശവാണി നിലയങ്ങൾക്കു കൂടാതെ മദ്രാസ് നിലയത്തിനുവേണ്ടിയും പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.1948മുതൽ തുടർച്ചയായി കച്ചേരികൾ അവതരിപ്പിച്ചിരുന്ന ദേവരാജൻ തന്റെ സിനിമാസംഗീതത്തിൽ ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനം കൂടുമെന്ന സംശയത്തിൽ 1962 ഭാര്യ എന്ന ചിത്രത്തിന് സംഗീതം ചെയ്തതിൽ പിന്നെ കച്ചേരി ചെയ്യുന്നത് അവസാനിപ്പിച്ചു.

ദേവരാജൻ തിരുവനന്തപുരത്ത് ബിരുദപഠനവും ഒപ്പം സംഗീതകച്ചേരികളും നടത്തുന്ന കാലത്ത് കൊല്ലം നഗരത്തിലെ പ്രധാന കോളേജ് കൊല്ലം എസ്.എൻ.കോളേജായിരുന്നു.കേരള രാഷ്ട്രീയത്തിലേയും കലാസാഹിത്യ രംഗത്തേയും പല മഹാരഥന്മാരും പഠിച്ചത്‌ ആ കോളേജിലായിരുന്നു. ഇന്നത്തപ്പോലെ അന്നും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥങ്ങളുടെ ശക്തികേന്ദ്രമായിരുന്നു ആ കോളേജ്. ഒ.മാധവനും ,പി.കെ.വിയും,കെ.ഗോവിന്ദപ്പിള്ളയുമൊക്കെ നേതൃത്വം നല്കിയിരുന്ന എസ്.ഏഫ് ആയിരുന്നു അന്നത്തെ പ്രധാന വിദ്യാർത്ഥി സംഘടന.ഒ.എൻ.വി. അക്കാലത്ത് എസ്.എൻ.കോളേജിലെ വിദ്യാർത്ഥിയായിരുന്നു. അവിടുത്തെ വിദ്യാർത്ഥിയല്ലെങ്കിലും ദേവരാജനും എസ്. എൻ .കോളേജ് വിദ്യാർത്ഥികളുടെ സൗഹൃദസദസ്സുകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു. ദേവരാജൻ പാട്ടുകച്ചേരികളിലൂടെ പ്രത്യേകിച്ചും കവിതകൾക്ക് സംഗീതം നല്കി അവതരിപ്പിക്കുന്നതിലൂടെ ദേവരാജൻ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഒ.എൻ.വിയുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ കവിതയുമായി ദേവരാജനെ കൂടുതൽ അടുപ്പിച്ചു.സംഗീതവും കവിതയും തമ്മിലുള്ള അപൂർവ്വസംഗമമായി ആ സൗഹൃദം വികസിച്ചു.

കൊല്ലം കടപ്പാക്കടയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ച് ഒ.എൻ.വി. തന്റെയൊരു കവിതാപുസ്തകം ദേവരാജന് സമ്മാനിച്ചു.ആ കവിതാ പുസ്തകത്തിലെ ‘ഇരുളിൽ ഒരു ഗാനം’ എന്ന കവിത ദേവരാജന്റെ മനസ്സിൽ ഉടക്കി നിന്നു.അന്ന് ഒ.എൻ.വി എസ്. എൻ.കോളേജിലെ യൂണിയൻ ചെയർമാനാണ്.കോളേജ് യൂണിയൻ യോഗത്തിൽ ഒ.എൻ.വിയുടെ നിർബന്ധത്തിനു വഴങ്ങി ആ കവിത മനോഹരമായ ഈണം നല്കി ദേവരാജൻ പാടി “പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ….”. അന്നുവരെ ശ്രോതാക്കൾ കേട്ടിട്ടില്ലാത്ത ഈണത്തിലുള്ള ആ പാട്ടുകേട്ട് സദസ്സാകമാനം പുളകംകൊണ്ടു.ആ പാട്ടിന്റെ ഈരടികൾ ഹൃദയത്തിലിട്ട് താലോലിച്ചുകൊണ്ടാണ് യുവതിയുവാക്കൾ അവിടുന്ന് പിരിഞ്ഞുപോയത്.

കമ്മ്യൂണിസ്റ്റ് ആശയക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കലാസംരംഭമായ കെ.പി.എ.സി 1951ലാണ് രൂപം കൊള്ളുന്നത്. അവരുടെ ആദ്യനാടകമായ ‘എന്റെ മകനാണ് ശരി’ പ്രതീക്ഷിച്ചപോലെ വിജയം വരിച്ചില്ല. രണ്ടാമത്തെ നാടകമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കണമെന്ന് അണിയറക്കാരായ ജനാർദ്ദനക്കുറുപ്പും,തോപ്പിൽ ഭാസിയും,ഒ.മാധവനും, രാജാമണിയും…ആഗ്രഹിച്ചു.ഒ.എൻ.വി രചിച്ച്‌ ദേവരാജൻ ഈണമിട്ട 24ഓളം (ഇടവേളയിലുള്ളവ ഉൾപ്പെടെ) ആ നാടകത്തിലുണ്ടായിരുന്നു.ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ “പൊന്നരിവാളമ്പിളിയിൽ ..” പ്രത്യേകമായി ആ നാടകത്തിൽ ചേർത്തു. കെ.എസ്.ജോർജ്ജും ,സുലോചനയും ആലപിച്ച ആ നാടകത്തിലെ ഗാനങ്ങൾ ഇന്നും പുതുമ നഷ്ടപ്പെടാത്തവയാണ്.തുടർന്ന് K.P.A.C യുടെ തന്നെ നാടകങ്ങളായ സർവ്വേക്കല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ ഒ.എൻ.വി ,ദേവരാജൻ ടീമിന്റെ മനോഹരമായ ഒരുപിടി ഗാനങ്ങൾ പിറന്നുവീണു.

“വള്ളിക്കുടിലിനുള്ളിനുള്ളിലിരിക്കും…”
“മാരിവില്ലിൻ തേൻമലരേ…”
“അമ്പിളിയമ്മാവാ..താമരക്കുമ്പിളിൽ..”
“ചെപ്പുകിലുക്കണ ചങ്ങാതി..”
“ചില്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും..”

തുടങ്ങിയവ അവയിൽ ചിലതാണ്.പിന്നീട് ‘കാളിദാസ കലാകേന്ദ്രം ‘രൂപകൊടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചതിനോടൊപ്പം അവരുടെ നാടകങ്ങളിലെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തു. കോട്ടയം ശ്രീനിയുടെ ശകുന്തള തിയേറ്റേഴ്സിനോവേണ്ടിയും,കെ.പി.എ.സി സുലോചനയുടെ സംസ്ക്കാര തിയേറ്റേഴ്സിനുവേണ്ടിയും, പിരപ്പൻകോട് മുരളിയുടെ സംഘചേതനയ്ക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങൾക്ക് സംഗീതം ചമച്ചിട്ടുണ്ട്.

1950ൽ നല്ലതങ്ക എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിർവ്വഹിച്ചുകൊണ്ട്. ദക്ഷിണാമൂർത്തിയും,1954 ൽ പി.ഭാസ്‌കരന്റെ ‘നീലക്കുയിൽ’ എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ട് കെ.രാഘവനും ചലച്ചിത്രരംഗത്ത് പ്രവേശിച്ചതിനുശേഷം മൂന്നാമനായിട്ടാണ് ‘കാലംമാറുന്നു’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നല്കിക്കൊണ്ട് ദേവരാജൻ സിനിമാരംഗത്ത് പ്രവേശിക്കുന്നത്. ആദ്യചിത്രത്തിനുശേഷം രണ്ടാമത്തെ ചിത്രമായ ‘ചതുരംഗം’ത്തിലെ വയലാറിന്റെ വരികൾക്ക് ഈണം നല്കുന്നത് നാലു വർഷത്തിനുശേഷമാണ്(1959). എന്നെന്നും ഓർമ്മിക്കുന്ന ഒരുപിടി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വയലാർ ദേവരാജൻ ടീം അങ്ങനെ ഉദയംകൊള്ളുകയായിരുന്നു. 1962ൽ ഭാര്യ എന്ന ചിത്രത്തോടെ മലയാള ചലച്ചിത്ര സംഗീതലോകത്തെ മുടിചൂടാമന്നനായി ദേവരാജൻ മാറി.

വയലാറിന്റെ വരികൾക്ക് ദേവരാജൻ ആദ്യമായി ഈണം നല്കിയത് സിനിമയിലോ നാടകത്തിലോ ആയിരുന്നില്ല.1957ൽ നടത്തിയ ഒന്നാം സ്വാതന്ത്ര്യസമരവാർഷികത്തിന് വേണ്ടി വയലാർ രചിച്ച ഇന്നും ജനഹൃദയങ്ങളെ കോരിത്തരിക്കുന്ന ‘ബലികുടിരങ്ങളേ! ബലികുടിരങ്ങളേ! ..സ്മരണകളിരമ്പും..’ എന്ന ഗാനത്തിനാണ് ദേവരാജൻ ആദ്യമായി ഈണം നല്കിയത്.

നിരീശ്വരവാദിയായ പിതാവിന്റെ നിരീശ്വരവാദിയായ മകനായിരുന്ന ദേവരാജൻ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..” ,”ഈശ്വരൻ ഹിന്ദുവല്ല…”പോലുള്ള ഗാനങ്ങളും ഒപ്പം”ഹരിവരാസനം..”,”നിത്യവിശുദ്ധയാം..കന്യാമറിയമേ….”പോലുള്ള മികച്ച ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒ.എൻ.വിയും വയലാറും കൂടാതെ മലയാള സിനിമയിലെ പ്രധാനപ്പെട്ട ഗാനരചയിതാക്കളായ പി.ഭാസ്‌കരൻ, യൂസഫലി കേച്ചേരി,മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ബിച്ചു തിരുമല,ശ്രീകുമാരൻ തമ്പി,പൂവച്ചൽ ഖാദർ….തുടങ്ങിയവരുടെ രചനകളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.അഞ്ചു സംസ്ഥാന അവാർഡുകളും സമഗ്രസംഭാവനയ്ക്ക് ജെ.സി.ഡാനിയേൽ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്ത ഗായകരായ യേശുദാസും, ജയചന്ദ്രനും, പി.സുശീലയും,വാണിജയറാമും, മാധുരിയുമൊക്കെ സ്വരമാധുര്യത്തിന്റെ ചിറക് വിരിച്ചത് ദേവരാജന്റെ പാട്ടുകൾക്ക് ശബ്ദം നല്കിയാണ്. അവരെല്ലാം തന്നെ അദ്ദേഹത്തോടുള്ള കടപ്പാട് ഉറക്കെ പറയാറുണ്ട്. മലയാളം കൂടാതെ തമിഴ്, കന്നടച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നല്കിയിട്ടുണ്ട്.

കാളിദാസ കലാകേന്ദ്രത്തിന്റ രൂപീകരണകാലത്ത് പരിചയപ്പെട്ട പെരുന്ന ലീലാമണി എന്ന പ്രശസ്ത നർത്തകിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. രാജനന്ദനും,ശർമ്മിളയുമാണ് മക്കൾ. ഷഡ്കാല പല്ലവി,ദേവഗീതികൾ,സംഗീതശാസ്ത്രസുധ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 2006 മാർച്ച് 15ന് ചെന്നൈയിൽ വെച്ചായിരുന്നു ആ മഹാനുഭാവന്റെ അന്ത്യം. മലയാള സംഗീതലോകത്ത്‌ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരായിരിക്കും ജി.ദേവരാജന്റേത്.