ദുരൂഹതകള്‍ ബാക്കിനിര്‍ത്തി ജസ്ന എങ്ങോട്ട് മറഞ്ഞു? പൊലീസ് അന്വേഷണം പ്രതിസന്ധിയില്‍

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ജെസ്ന മരിയ ജയിംസ് (20) എന്ന രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി എവിടെ? ഒട്ടനവധി ദുരൂഹതകള്‍ ബാക്കി നിര്‍ത്തിയാണ് ജസ്ന കഴിഞ്ഞ മാര്‍ച്ച് 22ന് പത്തനംതിട്ടയിലെ സ്വന്തം വീട്ടില്‍ നിന്ന് അപ്രത്യക്ഷയായത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ ജസ്ന ഒരു സുപ്രഭാതത്തില്‍, ഒരു തെളിവും അവശേഷിപ്പിക്കാതെ, ഒരു സൂചനയും നല്‍കാതെ എരുമേലി ഭാഗത്ത് നിന്ന് ജസ്ന അപ്രത്യക്ഷയാവുകയായിരുന്നു.

പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന ഇറങ്ങിയത്. അത് കഴിഞ്ഞു ഈ വിദ്യാര്‍ഥിനിയെക്കുറിച്ച് സൂചനകളില്ല. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ രണ്ടു പെണ്മക്കളില്‍ ഒരാളാണ് ജസ്ന. ജസ്‌നയുടെ കാര്യത്തില്‍ കേരള പൊലീസിന്റെ അന്വേഷണം ഇപ്പോള്‍ വഴിമുട്ടിയിരിക്കുകയാണ്.

അപ്രത്യക്ഷമാകുന്ന ഒരാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസിനെ സഹായിക്കുന്ന മൊബൈല്‍ ഫോണ്‍ ജസ്ന ആ യാത്രയില്‍ കൂടെ കരുതിയിരുന്നില്ല.
അച്ഛനും സഹോദരങ്ങളും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ജസ്ന വീട്ടില്‍ തന്നെ വെച്ച ഇന്റര്‍നെറ്റ്‌ സൗകര്യം ഇല്ലാത്ത സ്വന്തം ഫോണില്‍ ഒരു തെളിവും അവശേഷിപ്പിച്ചിട്ടുമില്ല.

അസ്വാഭാവികമായ കോളുകള്‍ ഒന്നും ഫോണിലില്ല. ജസ്നയുടെ വീടിരിക്കുന്ന വെച്ചൂച്ചിറയിലെ പൊലീസ് 24 കേരളയോടു സാക്ഷ്യപ്പെടുത്തും പോലെ പ്രത്യക്ഷത്തില്‍ ഒരു തെളിവും ഒരു സൂചനയും ജസ്ന ബാക്കിവെച്ചിട്ടില്ല. പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു ഇറങ്ങിയ ജസ്ന എരുമേലി എത്തിയതായി പൊലീസ് ഉറപ്പിക്കുന്നു. അതിനു ശേഷം ജസ്നയെക്കുറിച്ച് ഒരു വിവരവുമില്ല. ജസ്ന എങ്ങോട്ട് പോയി? കേരളാ പൊലീസിന്റെ വിവിധ സംഘങ്ങള്‍ ഇപ്പോള്‍ ജസ്നയെ തിരഞ്ഞ് അന്വേഷണത്തിലാണ്.

ജസ്ന ആരുടെയെങ്കിലും ഒപ്പം ഇറങ്ങിപ്പോയതാണോ? അതോ ജസ്നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ? ജസ്ന എവിടെ? പത്തനംതിട്ട പൊലീസ് ഇപ്പോള്‍ തലപുകയ്ക്കുകയാണ്. ഒപ്പം ജസ്നയുടെ തിരോധാനം കേരളാ പൊലീസിന് മുന്നില്‍ വെല്ലുവിളിയും ഉയര്‍ത്തുന്നു. ജസ്നയ്ക്ക് വേണ്ടി പ്രത്യേക പൊലീസ് സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ജസ്നയുടെ തിരോധാനത്തിനു ഒരു മാസം തികയുമ്പോള്‍ പൊലീസ് തീര്‍ത്തും പ്രതിരോധത്തിലാണ്.

സ്വതേ അന്തര്‍മുഖിയായ ജസ്നയുടെ ഒരു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആണ്‍കുട്ടികളുമായി ജസ്നയ്ക്ക് പ്രത്യക്ഷത്തില്‍ അടുപ്പമില്ല. പെണ്‍ സൗഹൃദങ്ങളും
കുറവ്. സഹപാഠികളെ പൊലീസ് പലവുരു ചോദ്യം ചെയ്തിട്ടും വിശേഷിച്ച്‌
ഒന്നും ലഭിച്ചില്ല. ആര്‍ക്കും ജസ്നയെക്കുറിച്ച് പരാതികളില്ല.

അമ്മയോട് വല്ലാത്ത അടുപ്പം കാണിച്ച കുട്ടി. ആറു മാസം മുന്‍പ് അമ്മ മരിച്ചു. ഇത് ജസ്നയെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ജസ്നയുടെ അമ്മയുടെ മരണം. പനി ബാധിച്ചാണ് മരിക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് പഠിച്ച ജസ്ന അതിനുശേഷമാണ്‌ വീട്ടില്‍ നിന്നും കോളേജിലേയ്ക്ക്‌ എത്തിത്തുടങ്ങിയത്. സഹോദരങ്ങളുടെ അടുക്കല്‍ നിന്ന് പൊലീസിന് ലഭിക്കുന്ന വിവരങ്ങളും ഇത്രമാത്രം. ഇപ്പോള്‍ ജസ്നയ്ക്ക് പിറകെ അന്വേഷണവുമായി ഇറങ്ങിയ പൊലീസ് സംഘങ്ങള്‍ അദൃശ്യമായ എന്തെങ്കിലും  തുമ്പുകളെങ്കിലും അവശേഷിച്ചിട്ടുണ്ടാകണം എന്ന പ്രത്യാശയിലാണ്.

ഒരു പൊലീസ് സംഘം സംസ്ഥാനത്തിനു പുറത്ത് തന്നെ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തേക്ക് നീളുന്ന അന്വേഷണം ഈ സംഘമാണ് നടത്തുന്നത്.

‘തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജസ്നയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്’ – പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ 24 കേരളയോട് പറഞ്ഞു.

വിവിധ പൊലീസ് സംഘങ്ങള്‍ ജസ്ന പോയിരിക്കാന്‍ ഇടയുള്ള എല്ലാ ഇടങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. റെയില്‍വേ, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ അങ്ങിനെ എല്ലാ വഴികളും ഉപയോഗിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. വിവിധ ജില്ലകളില്‍ പൊലീസ് സംഘം നേരിട്ട് പോകുന്നുണ്ട്.

അന്വേഷണം നടത്തുന്നുണ്ട്. സാധ്യമായ എല്ലാ രീതികളും അനുവര്‍ത്തിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഞങ്ങള്‍ മുന്നോട്ട് തന്നെയാണ് നീങ്ങുന്നത് – ടി.നാരായണന്‍ പറഞ്ഞു.

‘ജസ്ന പൊലീസിന് മുന്നില്‍ ദുരൂഹമായി നില്‍ക്കുന്നു’ കേസ് അന്വേഷണം നയിക്കുന്ന തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ള 24 കേരളയോടു പറഞ്ഞു. പൊലീസിന് സാധ്യമായ എല്ലാ രീതിയിലും, സമഗ്രതയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

വിവിധ ആംഗിളുകളില്‍ കൂടിയാണ് പൊലീസ് ജസ്നയെക്കുറിച്ച് അന്വേഷിക്കുന്നത്. പക്ഷെ എല്ലാം അര്‍ധോക്തിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. മൊബൈല്‍ ജസ്ന കരുതിയിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുമായിരുന്നു’ ചന്ദ്രശേഖരപിള്ള പറഞ്ഞു.

ജസ്നയുടെ വീടിരിക്കുന്ന വെച്ചൂച്ചിറ പൊലീസും ആശയക്കുഴപ്പത്തിലാണ്. ജസ്നയുടെ തിരോധാനം വളരെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലുള്ളതാണ്. ഒരു കേസില്‍ അവശേഷിക്കുന്ന തെളിവുകള്‍ ഒന്നും ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നില്ല – വെച്ചൂച്ചിറ പൊലീസ് 24 കേരളയോട് പറഞ്ഞു. ആദ്യം മുതല്‍ ഞങ്ങള്‍ തലപുകയ്ക്കുകയാണ്. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം വരെയായി. എന്നിട്ടും ജസ്ന എവിടെയുണ്ട്, എന്ത് സംഭവിച്ചു എന്നതിന് തെളിവുകളില്ല. ഓട്ടോയില്‍ ജസ്ന എരുമേലിവരെ എത്തിയിട്ടുണ്ട് എന്ന് പൊലീസിന് ഉറപ്പുണ്ട്. അതിനുശേഷം എന്ത് സംഭവിച്ചു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മാര്‍ച്ച്‌ 23ന് രാവിലെയാണ് പരാതി ലഭിക്കുന്നത്. അത് മുതല്‍ ഞങ്ങള്‍ ജസ്നയ്ക്ക് പിന്നിലുണ്ട്. പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് – വെച്ചൂച്ചിറ പൊലീസ് പറഞ്ഞു.

ബെംഗളൂരുവില്‍ നിന്ന് രണ്ട് അജ്ഞാത കോളുകള്‍ ജസ്നയുടെ സഹോദരിയുടെ ഫോണിലേക്ക് വന്നിട്ടുണ്ട്. സഹോദരി ഫോണ്‍ എടുത്തെങ്കിലും ആരും സംസാരിച്ചില്ല. ഈ രണ്ടു നമ്പരുകളിലേക്കും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ജസ്ന ഇപ്പോള്‍ ഒരു ചോദ്യചിഹ്നമായി കേരളാ പൊലീസിന് മുന്നില്‍ നില്‍ക്കുകയാണ്.

ജസ്ന അവശേഷിപ്പിച്ച എന്തെങ്കിലും തെളിവുകള്‍ തങ്ങളുടെ അന്വേഷണത്തില്‍
തെളിയും എന്ന് തന്നെയാണ് പൊലീസ് സംഘം കരുതുന്നത്. പക്ഷെ അന്വേഷണം നീളുന്നതില്‍ ജസ്നയുടെ കുടുംബവും സഹപാഠികളും അസ്വസ്ഥരാണ്. ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല എന്ന് മനസിലാക്കുമ്പോള്‍ ഈ അസ്വസ്ഥത കൂടുകയും ചെയ്യുന്നു.

ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ രംഗത്ത് വന്നിട്ടുണ്ട്. കൈകള്‍ കോര്‍ത്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ‘ജസ്റ്റിസ് ഫോര്‍ ജസ്‌ന’ എന്ന ബാനറില്‍ പ്രതീകാത്മകമായി ഒപ്പുവച്ചു. ഇതിനൊപ്പം വിദ്യാര്‍ത്ഥികളുടെ ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് പരാതിയായി നല്‍കിയിട്ടുമുണ്ട്.