ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി; നോര്‍ത്ത് ഈസ്റ്റിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. ഉത്തരേന്ത്യയിലും നോര്‍ത്ത് ഈസ്റ്റിലുമാണ് പ്രളയമുള്ളത്. അസം, ബീഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശ്, മിസോറം എന്നിവിടങ്ങളില്‍ പ്രളയത്തില്‍ സ്ഥിതി ഗുരുതരമാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നാണ് രാഹുല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തകരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ പ്രവര്‍ത്തകരോട് നേരിട്ട് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം നോര്‍ത്ത് ഈസ്റ്റില്‍ സ്ഥിതി രൂക്ഷമാണ്.
നിരവധി ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി.. വീടുകളില്‍ കുടുങ്ങി നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അസമില്‍ 40 ലക്ഷത്തിലേറെ പേരാണ് ദുരിതത്തിലായിരിക്കുന്നത്. ഗോല്‍പാരി, മോറിഗാവ്, നഗാവ്, ഹൈലാകന്ധി എന്നീ ജില്ലകളും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം.