ദുരഭിമാനക്കൊല: പോലീസ് നോക്കിനിൽക്കെ യുവാവിനെ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ പോലീസ് നോക്കി നിൽക്കെ ദലിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി.ഹരേഷ് കുമാര്‍ സോളങ്കി(25) എന്ന യുവാവിനെയാണ് ഭാര്യ ഊര്‍മിളയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്.അഹമ്മദാബാദ് ജില്ലയിലെ വര്‍മോര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം . ഏട്ടംഗ സംഘമാണ് വീടിന് പുറത്തിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഊര്‍മിളയുടെ വീട്ടുകാരുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കാൻ വനിതാ ഹെല്പ് ലൈൻ അധികൃതർ എത്തിയിരുന്നു .ഇവരുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഊര്‍മിളയുടെ പിതാവ് ദഷ്‌റത്സിങ് സാലയാണ് പ്രധാനപ്രതിയെന്നും പൊലീസ് പറഞ്ഞു.

ആറ് മാസം മുൻപാണ് ഹരേഷും ഊര്‍മിളയും വിവാഹിതരായത്. എന്നാല്‍ ഊര്‍മിളയുടെ രക്ഷിതാക്കള്‍ മകളെ തിരിച്ച്‌ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായ ഊര്‍മിളയെ കാണാനില്ലെന്നും പൊലീസ് പറയുന്നു.

ഗര്‍ഭിണിയായതിനാല്‍ ഊര്‍മിളയെ തനിക്കൊപ്പം പറഞ്ഞുവിടണം എന്ന് ആവശ്യപ്പെടാനാണ് ഹരേഷ് ഭാര്യാപിതാവിനെ സമീപിച്ചത്. അദ്ദേഹത്തിനൊപ്പം വനിതാ ഹെല്‍പ്പ്‌ലൈന്‍ സംഖവും ഒരു വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു.