ദുബൈ വിമാനത്താവളത്തില്‍ ഇനി തിരക്കേറിയ ദിനങ്ങള്‍

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് അടുത്ത ദിവസങ്ങളിലുണ്ടാകുകയെന്ന് അധികൃതര്‍. മധ്യ വേനലവധി ദിനങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു വിനോദങ്ങള്‍ക്കും ഉല്ലാസയാത്രകള്‍ക്കും പോകുന്നവരെ കൊണ്ട് ദുബൈ വിമാനത്താവളം തിരക്കേറുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
11 ലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി വിദേശങ്ങളിലേക്ക് പറക്കാന്‍ തയാറെടുക്കുന്നത്.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ, മധ്യ വേനലവധിക്കാലത്തെ തിരക്കേറിയ ദിനങ്ങള്‍ക്ക് ഒരുങ്ങി കഴിഞ്ഞു. നാളെ മുതലാണ് ദുബൈ വിമാനത്താവളത്തില്‍ തിരക്കേറുക. ജൂലൈ എട്ട് വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തില്‍ തിരക്കേറുന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേര്‍ന്ന് യാത്രാ നടപടികള്‍ ആരംഭിക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് കൊമേര്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യൂഗെനെ ബാരി പറഞ്ഞു.