ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പ്‌; ബമ്പര്‍ സമ്മാനം പത്തുലക്ഷം യു.എസ്.ഡോളര്‍ മലയാളിയ്ക്ക്‌

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിലെ ബമ്പര്‍
സമ്മാനമായ പത്തുലക്ഷം യു.എസ്.ഡോളര്‍ (ഏഴുകോടിയിലധികം രൂപ) മലയാളിയ്ക്ക്‌. പന്ത്രണ്ടുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന മുഹമ്മദ് അസ്‌ലം അരയിലകത്തിനാണ് സമ്മാനം ലഭിച്ചത്‌.

ദുബായിലെ ഐറിഷ് വില്ലേജ് ഷോപ്പില്‍നിന്നാണ് അസ്‌ലം ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി അധികൃതര്‍ വിളിച്ചപ്പോള്‍ ആദ്യം അസ്‌ലമിന് വിശ്വസിക്കാനായില്ല. അവധിക്ക്‌ നാട്ടില്‍പോയപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റ് നാട്ടില്‍ മറന്നുവെച്ചതിനാല്‍ അതെടുക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് അസ്‍ലം.

1999-ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയശേഷം പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിക്കുന്ന 139-ാമത്തെ ഇന്ത്യക്കാരനാണ് മുഹമ്മദ് അസ്‌ലം. ഭാര്യയും മൂന്നുവയസ്സുള്ള കുട്ടിയുമുണ്ട് അസ്‌ലമിന്.