ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 20-20-20 നിയമം തീര്‍ച്ചയായും പാലിക്കണം


സ്മാര്‍ട്ട്ഫോണ്‍ അമിതവും അശാസ്ത്രീയവുമായ ഉപയോഗം കൂടുതലായി ബാധിക്കുന്നത് കണ്ണുകളെയാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പല പഠനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യകരമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്.

ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് കണ്ണിലെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് വരള്‍ച്ച പ്രശ്നം ഉണ്ടാവുന്നത്. എസി, ഫാന്‍ എന്നിവയുടെ ഉപയോഗവും കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ തോത് കൂട്ടുന്നു, തുടര്‍ച്ചയായി ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും, ഡിജിറ്റല്‍ മോണിറ്ററില്‍ ദീര്‍ഘനേരം നോക്കിയിരിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയുന്നതായാണ് കാണാറുള്ളത്. എന്നാല്‍ ഇത്തരം അവസ്ഥയ്ക്ക് പരിഹാരമായി 20-20-20 ഫോര്‍മുല പാലിക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും.

20 മിനിറ്റ് തുടര്‍ച്ചയായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാല്‍ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്റ് നേരം നോക്കിയിരിക്കണം. ഇതാണ് 20-20-20 നിയമം. ഇടയ്ക്ക് കണ്ണു ചിമ്മുകയാണ് മറ്റൊരു പരിഹാരം. സാധാരണ ഒരു വ്യക്തി ഒരു മിനിറ്റില്‍ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മാറുണ്ട്. കണ്ണിന് ആയാസം നല്‍കി സ്മാര്‍ട്ട്ഫോണില്‍ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് കണ്ണിന് വരള്‍ച്ചയുണ്ടാക്കും.

സൂക്ഷിച്ചുപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്മാര്‍ട്ട്ഫോണാവും കണ്ണിന്റെ വില്ലന്‍. അതുകൊണ്ട് സ്മാര്‍ട്ട് ഫോണ്‍ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കുന്നതും കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കണം. 20 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇടവേളയെടുക്കണം. ഇടയ്ക്കിടെ കണ്ണ് ചിമ്മാന്‍ മറക്കരുത്. കണ്ണിന് നനവുള്ളതാക്കാന്‍ ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിന് ഡോക്ടറുടെ സഹായം തേടാം. അണുബാധയോ മറ്റോ കണ്ടെത്തിയാല്‍ എത്രയും പെട്ടന്ന് ചികിത്സ തേടണം.