ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് യുഎഇ

അബുദാബി; ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് യുഎഇ. പത്തുവര്‍ഷത്തേക്ക് 1150 ദിര്‍ഹമാണ് നിരക്ക്. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ മേഖലയിലെ വിദഗ്ദര്‍ക്കും വിസ സ്വന്തമാക്കാന്‍ സാധിക്കും.

അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസയുടെ നിരക്ക് 1000 ദിര്‍ഹവും ചേര്‍ത്താണ് പത്തുവര്‍ഷത്തെ വിസയ്ക്ക് ആകെ 1150 ദിര്‍ഹം. അഞ്ചുവര്‍ഷത്തെ വിസയ്ക്ക് 650 ദിര്‍ഹം.ദീര്‍ഘകാല വിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ 1100 ദിര്‍ഹത്തിന് ലഭ്യമാണ്.

കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്. കഴിഞ്ഞ ആഴ്ചമുതലാണ് ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. ആറായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ഷ്റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ആദ്യ ദീര്‍ഘകാല വിസകള്‍ അനുവദിച്ചത്.