ദീര്‍ഘകാല നിക്ഷേപത്തിന് നികുതി;ഓഹരി വിപണി നഷ്ടത്തില്‍ തുടരുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഇന്നലെ ബജറ്റ് അവതരിപ്പിച്ചത് മുതല്‍ വിപണി നഷ്ടത്തിലാണ്. ബജറ്റ് നിക്ഷേപ സൗഹൃദമല്ലാത്തതാണ് ഇതിന് കാരണം. 839.91 പോയിന്റ് നഷ്ടത്തോടെ 35,066.75 പോയന്റിലാണ് സെന്‍സെക്സ് വ്യാപാരമവസാനിപ്പിച്ചത്. ഒരവസരത്തില്‍ 35006.41 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. 10,938.20 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 10,736.10 പോയിന്റ് വരെ താഴ്ന്നിരുന്നു. 10.760.60 വരെ നിഫ്റ്റി താഴ്ന്നു.

ഓഹരി വിപണയിലെ ദീര്‍ഘകാല നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തിയത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ ബജറ്റിന് ശേഷമുള്ള സ്വാഭാവിക ഇടിവ് മാത്രമായാണ് ഇതിനെ നിക്ഷേപകര്‍ വിലയിരുത്തുന്നത്. ധനകമ്മി നേരത്തേ പ്രതീക്ഷിച്ചിരുന്ന 3.2 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കി ഉയര്‍ത്തിയതും 2019 വര്‍ഷത്തിലെ ധനകമ്മി 3.3 ശതമാനമായിരിക്കും എന്ന പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചു.

അടുത്ത ഏതാനും ദിവസങ്ങള്‍കൂടി വിപണിയില്‍ മാന്ദ്യം തുടര്‍ന്നേക്കാമെങ്കിലും നേട്ടത്തില്‍ തിരിച്ചു കയറാനുള്ള സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നിക്ഷേപകര്‍.