ദളിത് ശുചീകരണ തൊഴിലാളികൾക്ക് വെള്ളം നിഷേധിച്ച് പൂജാരി ; സംഘടിച്ച് എതിർത്തു

മുസാഫര്‍നഗര്‍ : ശുചീകരണ തൊഴിലാളികള്‍ക്ക് കുടിവെള്ളം നല്‍കാത്തതിനെ തുടര്‍ന്ന് പൂജാരിക്കെതിരെ ദളിത് പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം.

തനാ ഭവനില്‍ ക്ഷേത്രത്തിന് പുറത്തുള്ള ഓവുചാല്‍ വൃത്തിയാക്കുകയായിരുന്ന ശുചീകരണ തൊഴിലാളികള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ക്ഷേത്രത്തിനുള്ളിലുള്ള ഹാന്‍ഡ് പമ്പിൽ നിന്ന് വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോൾ പൂജാരി തടയുകയും ക്ഷേത്രത്തിന്‍റെ വാതില്‍ അടയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്‌.

ഇതോടെ, പൂജാരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വാല്‍മികി സമുദായത്തില്‍പ്പെട്ട ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സ്ഥിതി ശാന്തമായത്.