ദളിത് യുവാവിനെ വിവാഹം ചെയ്തു; പിതാവിന്റെ ഗുണ്ടകള്‍ ഭീഷണിയുമായി പിറകെ , ബിജെപി എംഎല്‍എയുടെ മകളുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലക്നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎല്‍എ ആയ പിതാവില്‍ നിന്ന് ് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ ബിജെപി. എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പിതാവിന്റെ ഗുണ്ടകളുടെ ഭീഷണി നേരിടേണ്ടി വന്നതായി സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

ദളിത് വിഭാഗത്തില്‍ പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവുമായി കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സാക്ഷിയുടെ വിവാഹം. താഴ്ന്ന ജാതിയില്‍ പെട്ടതുകൊണ്ട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതച്ചില്ല. തുടര്‍ന്നാണ് ഇരുവരും വീട്ടുകാര്‍ അറിയാതെ വിവാഹം കഴിച്ചത്. അപ്പോള്‍ മുതല്‍ രണ്ടു പേരെയും ഇല്ലാതാക്കും എന്ന രീതിയില്‍ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് സാക്ഷി ആരോപിക്കുന്നു.

തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം പിതാവ് ആയിരിക്കുമെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു ബിജെപി എം എല്‍ മാരോ എം പിമാരോ പിതാവിനെ സഹായിക്കരുതെന്നും ഇതിന് കൂട്ട് നില്‍ക്കരുതെന്നും സാക്ഷി ആവശ്യപ്പെടുന്നു.

അതേസമയം, സാക്ഷിയുടെ വീഡിയോ വൈറലായതോടെ രാജേഷ് മിശ്രയുടെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇരുവരുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.