ദളിത് പെൺകുട്ടിയേയും  പിതാവിനെയും ആക്രമിക്കാൻ ശ്രമിച്ച നാല് പേർക്കെതിരെ കേസ്

എരുമപ്പെട്ടി: അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ദളിത് പെൺകുട്ടിയേയും  പിതാവിനെയും വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എരുമപ്പെട്ടി പോലീസ് കേസെടുത്തു. കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് സ്വദേശികളായ സുജീഷ്, ഷിജീഷ്, അഖിൽ, ഡെൻസൺ തുടങ്ങിയവർക്കെതിരെയാണ് കേസ്.

പഠനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ പെൺകുട്ടിയെ മദ്യലഹരിയിൽ റോഡരുകിലെ കലുങ്കിലിരിക്കുകയായിരുന്ന പ്രതികൾ തടഞ്ഞുനിർത്തി അശ്ലീലം പറയുകയായിരുന്നു. പ്രതികരിച്ച പെൺകുട്ടിയെ അക്രമി സംഘം അസഭ്യം പറയുകയും  കയ്യേറ്റം ചെയ്യാൻശ്രമിക്കുകയുമുണ്ടായി. ഓടിരക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി വിവരം ധരിപ്പിച്ചതിനെ തുടർന്ന് പിതാവ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്‌തതിൽ പ്രകോപിതരായ അക്രമി സംഘം  പെൺകുട്ടിയുടെ വീട്ടിലെത്തി പിതാവിനെയും മകളേയും കയ്യേറ്റം ചെയ്‌തതായാണ് എരുമപ്പെട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.