ത്വക്കിലെ കറുപ്പുനിറം

പ്രമേഹമുള്ളവരുടെ മുഖത്തെ ചര്‍മ്മവും കഴുത്തിന്‌ പിന്‍ഭാഗവും കറുത്തനിറത്തില്‍ കാണപ്പെടും എന്നു പറയുന്നു. ഇതു ശരിയാണോ? പ്രമേഹം ചര്‍മ്മം കണ്ടാല്‍ തിരിച്ചറിയാനാകുമോ?

വണ്ണം കൂടിയ പ്രമേഹ രോഗികളില്‍ ചിലരുടെ കഴുത്തിന്‌ പിന്‍ഭാഗത്തെ ത്വക്ക്‌ കറുത്തതും കട്ടികൂടിയും കാണപ്പെടുന്നുണ്ട്‌. ഇവരില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കും. ഇതിനെ എയ്‌സെന്റോസിസ്‌ നൈഗ്രിക്കന്‍സ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.ദീര്‍ഘകാലമായി പ്രമേഹം ഉള്ളവരില്‍ ഇരുകാലിലും മുട്ടിനു താഴെ ചര്‍മ്മത്തില്‍ നിറംമാറ്റവും മുഖക്കുരുവിനു ശേഷം വരുന്നപോലെ ചെറിയ കുഴികളും കാണാറുണ്ട്‌. കഴുത്തിലും കക്ഷത്തിലും തൊലിയില്‍ തൂങ്ങിക്കിടക്കുന്ന സ്‌കിന്‍ടാഗ്‌സ് (skin tags) ഇവരില്‍ കൂടുതലാണ്‌. സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി പ്രമേഹരോഗികളുടെ ശരീരത്തില്‍ കൂടുതലായി ചുവന്ന മറുകുകളും കാണാനാവും.