ത്രിരാഷ്ട്ര ട്വന്റി-20; ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. 37 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 66 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇതോടെ, 49 പന്തില്‍ 90 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഇന്നിങ്‌സ് പാഴായി.

വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ച് യുവതാരങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഇന്ത്യയ്ക്കായി തമിഴ്‌നാട് താരം വിജയ് ശങ്കര്‍ രാജ്യാന്തര ട്വന്റി-20യില്‍ അരങ്ങേറ്റം കുറിച്ചു. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.