ത്രിപുരയിലെ തിരഞ്ഞെടുപ്പ് തിരിച്ചടി ഇടതു രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ക്ക് വഴിയൊരുക്കും

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ത്രിപുരയിലെ തിരഞ്ഞെടുപ്പ് തിരിച്ചടി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ക്ക് വഴിയൊരുക്കും. കാല്‍ നൂറ്റാണ്ടായി സിപിഎമ്മാണ് ത്രിപുരയില്‍ ഭരണം നടത്തുന്നത്. ആ ത്രിപുരയില്‍ ഒന്നുമല്ലാതിരുന്ന ബിജെപിയ്ക്ക് മുന്നിലാണ് പാര്‍ട്ടി വന്‍ പരാജയം രുചിച്ചത്.

മുപ്പതിലേറെ വര്‍ഷം ബംഗാളില്‍ അധികാരത്തിലിരുന്ന സിപിഎം ഇപ്പോള്‍ ബംഗാളില്‍ ഒന്നുമല്ല. ഇവിടെ തൃണമൂല്‍ മുന്നേറ്റമാണ്. ബംഗാളിന്റെ അവസ്ഥയിലേയ്ക്ക്‌ ത്രിപുരയും മാറുകയാണ്. ബിജെപി സഖ്യം 43 സീറ്റുകളോടെ ഇപ്പോള്‍ ത്രിപുരയില്‍ അധികാരത്തിലേക്ക് നടന്നടുക്കുകയാണ്.

16 സീറ്റുകളിലേയ്ക്കാണ്‌ സിപിഎം ഒതുങ്ങിപ്പോയത്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കേരളത്തിലെ സംസ്ഥാന സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ ബിജെപി ഭീഷണിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇപ്പോള്‍ യെച്ചൂരി അനുകൂലികള്‍ക്ക് ചോദിക്കാം. കേരളാ ഘടകത്തിന്റെ താത്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി സിപിഎം നയരൂപീകരണം നടത്താമോ?

കോണ്‍ഗ്രസുമായി നേരിട്ട് അല്ലെങ്കിലും സഹകരണം ഉറപ്പാക്കി ബിജെപിയെ നേരിട്ടു കൂടെ? നയരൂപീകരണം സിപിഎം പിബിയ്ക്ക് മുന്നിലും വലിയ വെല്ലുവിളിയാകാന്‍ പോവുകയാണ്. കോണ്‍ഗ്രസ് സഹകരണം വേണ്ട എന്ന പിബിയുടെ മുന്‍ നിലപാട്‌
തിരുത്തേണ്ടി വന്നേക്കും. കാരണം ത്രിപുരയില്‍ സിപിഎമ്മിനെ വീഴ്ത്തിയത്‌
ബിജെപിയാണ്. ഈ ഘട്ടത്തില്‍ ബിജെപി മാത്രമല്ല കോണ്‍ഗ്രസിനെക്കൂടി മുഖ്യശത്രുവായി കാണേണ്ടതുണ്ടോ?

മുഖ്യശത്രു സ്ഥാനത്ത് ബിജെപി മാത്രം പോരെ? ഈ ചോദ്യങ്ങള്‍ സിപിഎം കേരള ഘടകത്തിനും വെല്ലുവിളിയായി മാറും. ഭരിച്ചിരുന്ന ഏക സംസ്ഥാനമാണ് ത്രിപുര. അതും ഇപ്പോള്‍ കൈവിട്ടു.

ഹൈദരാബാദില്‍ ഏപ്രിലില്‍ നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അതുകൊണ്ട് തന്നെ കേരള ഘടകത്തിനും വെല്ലുവിളിയാകും. കോണ്‍ഗ്രസ് സഹകരണം, മുഖ്യശത്രുവാര് എന്നീ വിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിനെ എന്തുകൊണ്ട് മുഖ്യശത്രു സ്ഥാനത്ത് പ്രതിഷ്ഠിക്കണം എന്ന ചോദ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നേക്കും.

”ത്രിപുരയിലും നാഗാലാന്റിലും ബിജെപി അധികാരത്തില്‍ വരികയാണ്.
കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി കാണേണ്ടത്‌ ഇൗ ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ബാധ്യതയാണ്. കാരണം കോണ്‍ഗ്രസ് അതീവ ദുര്‍ബലാവസ്ഥയിലാണ്. അതുകൊണ്ട് ഒന്നുകില്‍ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കി നിലനിര്‍ത്തണം. അല്ലെങ്കില്‍ മുഖ്യ എതിരാളിയാക്കിയെങ്കിലും ഇടതുപക്ഷം നിലനിര്‍ത്തിയേ മതിയാവൂ. അത് സിപിഎമ്മിന്റെ കൂടി ബാധ്യതയാണ്-”സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നുകില്‍  കോണ്‍ഗ്രസിന്റെ കൂടെ നിന്ന് ബിജെപിയെ തോല്‍പ്പിക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ആ സ്ഥാനത്തേക്ക് വരണം. ഈ രണ്ടു കാര്യങ്ങളില്‍ ഒന്നെങ്കിലും ചെയ്യണം. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ശക്തമായി നിലനില്‍ക്കേണ്ടത് ഇടതുപക്ഷത്തിന്റെ കൂടി ആവശ്യമായി വരികയാണ്.

കേരളത്തില്‍ പോലും പ്രതിപക്ഷത്ത് ആണെങ്കില്‍ കൂടി കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ബിജെപിയും സിപിഎമ്മും കൂടി ശ്രമിക്കുമ്പോള്‍ ഉണ്ടാവുക കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ്. ബിജെപിയുടെ ആ ലക്ഷ്യം പൊളിക്കലാണ് സിപിഎമ്മിന്റെ ഉത്തരവാദിത്തം-സി.പി.ജോണ്‍ പറയുന്നു.

കോണ്‍ഗ്രസിനെ തകര്‍ക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ബിജെപി മാത്രവും. നഷ്ടം ഇടതുപക്ഷത്തിനു മാത്രവും. കേരളത്തില്‍ കെഎസ് യുവിനെ എസ് എഫ് ഐ
തല്ലിയോടിച്ചതോടെയാണ് ആ സ്ഥാനത്ത് എബിവിപി വന്നത്. ഇതൊരു ചെറിയ ഉദാഹരണം മാത്രം. കോണ്‍ഗ്രസിനെ ഒരു ജനാധിപത്യ ശക്തിയായി ശക്തിപ്പെടുത്തി നിര്‍ത്തേണ്ടത് ഇടത്പക്ഷത്തിന്റെ കൂടി ആവശ്യമാണെന്നാണ് ത്രിപുര കാണിക്കുന്നത്- സി.പി. ജോണ്‍ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രന്റെ നാശം ഇടതുപക്ഷത്തിന്റെ പതനത്തിനു വഴിയൊരുക്കുകയാണ്. ത്രിപുര ഇതിന്റെ ശരിയായ ഉദാഹരണമാണ്. ബിജെപി എന്നാല്‍ പൂര്‍ണ വലതുപക്ഷമാണ്. കോണ്‍ഗ്രസ് എന്നാല്‍ വലതുപക്ഷ കക്ഷിയല്ല. മധ്യപക്ഷ ജനാധിപത്യ കക്ഷിയാണ്. ലോകത്തിലെ തന്നെ വലിയ സെന്‍ട്രിസ്റ്റ് പാര്‍ട്ടികളിലൊന്നാണ്‌ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പോലുള്ള മധ്യപക്ഷ പ്രസ്ഥാനങ്ങളുടെ തിരോധാനം വലതുപക്ഷ കക്ഷികളുടെ വളര്‍ച്ചയിലേയ്ക്കാണ്‌

നയിക്കുക. ഈ കാരണം കൊണ്ടാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് തിരിച്ചടി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.