ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

പശ്ചിമബംഗാള്‍: ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് അടിപതറുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്. നൗപാരയില്‍ നിന്നുള്ള എംഎല്‍എയാണ് സുനില്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കെറുന്ന മൂന്നാമത്തെ ത്രിണമൂല്‍ എംഎല്‍എയാണ് സുനില്‍. സുനിലിനെ കൂടാതെ 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് മുകുള്‍ റോയിയുടെയും കൈലാഷ് വിജയ് വര്‍ഗീയയുടെയും സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് ഇവര്‍ ബിജെപി അംഗ്വത്വം എടുത്തത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വര്‍ഗീയയും മുകുള്‍ റോയിയും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോഡി ബംഗാളില്‍ വന്നപ്പോള്‍ 40 ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അവകാശപ്പെട്ടിരുന്നു.

പിന്നാലെ പല ദിവസങ്ങളിലായി ത്രിണമൂലിന്റെ മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഒരോ എംഎല്‍എമാരും ബിജെപിയില്‍ എത്തിയിരുന്നു. കൂടാതെ ത്രിണമൂലിന്റെ 72 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്.