തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം; ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ജോസ് കെ മാണി, ‘ജോസഫ് യുഡിഎഫ് നേതാക്കളെ കണ്ടതിൽ അസ്വാഭാവികതയില്ല’

കോട്ടയം: തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് നിലപാടിൽ ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി. എല്ലാ ഘടകങ്ങളിലും വിശദമായി ചര്‍ച്ച ചെയ്താണ് കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയാകെയും മുന്നോട്ട് പോകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും യുഡിഎഫ് നേതൃത്വവുമായും പിജെ ജോസഫ് നടത്തുന്ന ചര്‍ച്ചയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സീറ്റിന്‍റെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് കേരളാ കോൺഗ്രസെന്നും ജോസ് കെ മാണി കോട്ടയത്ത് വ്യക്തമാക്കി.