തോട്ടിൽ വീണ നാലുവയസ്സുകാരനെ രക്ഷപെടുത്തി കൊച്ചുമിടുക്കന്മാർ

പരപ്പനങ്ങാടി: തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി മൂന്ന് മിടുക്കന്മാര്‍. കളിക്കുന്നതിനിടെ നാലുവയസുകാരന്‍ കാല്‍തെറ്റി തോട്ടിലേക്ക് വീഴുന്നത് കണ്ട് സമീപത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മൂവര്‍സംഘം ഉടന്‍ തന്നെ വെള്ളംനിറഞ്ഞ തോട്ടിലേക്ക് എടുത്ത് ചാടി രക്ഷപെടുത്തി. ശബദം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും വെള്ളത്തില്‍ വീണ കുട്ടിയെ ഇവര്‍ കോരിയെടുത്തു കഴിഞ്ഞിരുന്നു.

ഉള്ളണം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റിഫാന്‍(12), മുഹമ്മദ് റിഷാന്‍(8), മുഹമ്മദ് ദാനിഷ്(11) എന്നിവരുടെ ധീരമായ പ്രവൃത്തിയാണ് ഒരു ജീവന്‍ രക്ഷിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കരിങ്കല്ലത്താണി സബ്സ്റ്റേഷന് സമീപത്തെ തോട്ടിലായിരുന്നു അപടം. തോടിന് സമീപത്തെ വീട്ടിലെ യുകെജി വിദ്യാര്‍ഥിയാണ് കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണത്.

എന്നാല്‍ മൂവര്‍ സംഘത്തിന്റെ സമയോചിതവും ധീരവുമായ നടപടിയിലൂടെ നാലുവയസുകാരന്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.