തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിലെത്തുമെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ ഫലം വന്നാലുടന്‍ കര്‍ണ്ണാടകയിലെ ബി ജെ പി എം എല്‍ എമാര്‍ കോണ്‍ഗ്രസ്സിലെത്തുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബി ജെ പിയുടേത് പോലെ കുതിര കച്ചവടം നടത്താതെ തന്നെ സ്വാഭാവികമായി എം എല്‍ എ മാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് കെ സി അവകാശപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ജെ ഡി എസ്സും കോണ്‍ഗ്രസ്സും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി ജെ പി നിരന്തരം ശ്രമിക്കുകയാണ്. എന്നാല്‍ ഇത് വില പോകില്ല. തങ്ങള്‍ തുടര്‍ന്നും സംസ്ഥാനത്ത് അധികാരത്തിലുണ്ടാകും.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ താമര എന്ന പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്നും എം എല്‍ മാരെ അടര്‍ത്തി കൊണ്ട് വരാന്‍ ബി ജെ പി നേതാവ് യദിയൂരപ്പ ശ്രമം നടത്തിയിരുന്നു. 18 എം എല്‍ എമാര്‍ക്കായി 200 കോടി രൂപ ഇദ്ദേഹം വാഗ്ദാനം ചെയ്തതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരത്തെ കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കാരണം. എന്നാല്‍ കര്‍ണാടകത്തിലെ ഇപ്പോളത്തെ സര്‍ക്കാരിന്റെ ഭാവി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കപ്പെടുമെന്നും കോണ്‍ഗ്രസ്സിനുള്ളിലെ അസംതൃപ്തരായ എം എല്‍ എമാരെ ആശ്രയിച്ചായിരിക്കും ഇതെന്നും യദിയൂരപ്പയും പ്രതികരിച്ചു.