തെരഞ്ഞെടുപ്പ് നയങ്ങള്‍ ലംഘിച്ചു:ബിജെപിയുടെ പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചതിന് ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ പിന്‍വലിച്ചു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് പരസ്യവും ഗൂഗിള്‍ നീക്കം ചെയ്തു. എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നല്‍കിയ 17 പരസ്യങ്ങള്‍, ഹര്‍ഷ്നാഥ് ഹ്യുമന്‍ സര്‍വീസസ് നല്‍കിയ മൂന്ന് പരസ്യങ്ങള്‍, വിദൂലി മീഡിയ നല്‍കിയ രണ്ട്‌ പരസ്യങ്ങള്‍,ജസ്‌കരണ്‍ ധില്ലന്‍ നല്‍കിയ ഒരു പരസ്യവും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ കമ്ബനികള്‍ക്ക് കര്‍ശന നടപടി നല്‍കിയിരുന്നു.ഇതിന്റെ ഭാഗമായാണ് പരസ്യങ്ങളുടെ ലൈബ്രറി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുടക്കിയ തുകയും അതിന് ലഭിച്ച പ്രചാരവും വെളിപ്പെടുത്തണമെന്നും നിര്‍ദേശിച്ചത്. ഗൂഗിള്‍ പ്രസിദ്ധപ്പെടുത്തിയ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പറയുന്നത്.

ഫെബ്രുവരി 20 നും ഏപ്രില്‍ നാലിനുമിടയില്‍ 3.76 കോടിയുടെ 831 പരസ്യങ്ങളാണ് ഗൂഗിളില്‍ കാണപ്പെട്ടത്. ഇതില്‍ 1.21 കോടിയുടെ 554 പരസ്യങ്ങളാണ് ബിജെപി നല്‍കിയത്. ഫെബ്രുവരി മാസം മുതല്‍ 14 കോടിയോളം രൂപയാണ് ഫേസ്ബുക്കിലും ഗൂഗിളിലുമായി രാഷ്ട്രീയ നേതാക്കള്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്.