തൃശൂര്‍ പൂരത്തിന്റെ ലൈവ് സൗണ്ടുമായി റസൂല്‍ പൂക്കുട്ടി

റസൂല്‍ പൂക്കുട്ടി നായകനായെത്തുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിന്റെ  ഓഡിയോ ലോഞ്ച്  മമ്മൂട്ടി നിര്‍വഹിച്ചു. തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നാണ് ചിത്രത്തിന്റെ പ്രമേയം. അന്ധനായ ഒരാളുടെ പൂരത്തിന്റെ അനുഭവമാണ് സിനിമ. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രശാന്ത് പ്രഭാകരാണ് ‘ദി സൗണ്ട് സ്റ്റോറി’ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

തമിഴില്‍ കൂടാതെ, ദ സൗണ്ട് സ്റ്റോറി എന്ന പേരില്‍ മലയാളത്തിലും ഇംഗ്ലിഷ്, തെലുങ്ക്, ഹിന്ദി,എന്നീ ഭാഷയിലും ചിത്രം പുറത്തിറങ്ങും. കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ ശബ്ദം തത്സമയം റെക്കോഡ് ചെയ്തതാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. റസൂല്‍ പൂക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.

എന്റെ ആദ്യ സിനിമ, ഞാന്‍ നായകനാകുന്ന ആദ്യ സിനിമ അങ്ങനെ ഒരു സിനിമ അല്ല ഇത്. പൂരമാണ് ഈ സിനിമയുടെ ഹീറോ. കണ്ണ് കാണാന്‍ കഴിയാത്ത ആള്‍ക്കാരാണ് സിനിമയുടെ ഹീറോ. അവര്‍ക്ക് വേണ്ടിയിട്ടുള്ളതാണ് ഈ സിനിമയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ആദ്യകാല നടി ജലജ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.