തൃണമൂല്‍ എം.എല്‍.എ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നുവെന്നും എസ്.പി രൂപേഷ് കുമാര്‍ പറഞ്ഞു.

ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എം.എല്‍.എ യായ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ അക്രമിയുടെ വെടിയേല്‍ക്കുകയായിരുന്നു.

യുവനേതാവായ സത്യജിത് ബിശ്വാസിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്.

ബിശ്വാസിന് വെടിയേല്‍ക്കുമ്ബോള്‍ സംസ്ഥാന മന്ത്രി രത്ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പമുണ്ടായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും ബിജെപിയാണ് പിന്നിലെന്നും ഗൗരി ശങ്കര്‍ ദത്ത ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കേസ് സിബിഐ അന്വേഷിക്കണമെന്നും ബംഗാള്‍ പോലീസില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കിയിരുന്നു.