തൃച്ചംബരത്തപ്പന്റെ മണാട്ടിക്കുട്ടി

പുടയൂർ ജയനാരായണൻ

പെരുഞ്ചെല്ലൂർ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ്) പാലോർത്ത് ഇല്ലത്തെ കൃഷ്ണ ഭക്തയായ ഒരു പെൺകുട്ടിയുടെ കഥ പറയാം. പെരുഞ്ചെല്ലൂരിലെ വിവാഹം കഴിയാത്ത പെൺകിടാങ്ങൾക്ക് വിളിപ്പേര് മണാട്ടിയെന്നാണ്. കൃഷ്ണ ഭക്തിയേക്കാൾ കൃഷ്ണനിൽ അനുരക്തയായിരുന്നു ആ മണാട്ടിക്കുട്ടി. പ്രണയ വിവശയായ കുട്ടി. കൃഷ്ണനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന കഠിന വ്രതമെടുത്ത ആ കുട്ടിയെ രാധയുടെ പുനർജൻമ്മമായാണ് വിശ്വസിക്കുന്നത്. എന്നാൽ ഒരു നാളിൽ ഈ കുട്ടിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. അപ്രതീക്ഷിത ആഘാതമായിരുന്നു ആ കുട്ടിക്കത് സമ്മാനിച്ചത്. കൃഷ്ണനെയല്ലാതെ മറ്റാരെയും ഭർത്താവിന്റെ സ്ഥാനത്ത് സങ്കൽപ്പിക്കുവാൻ സാധിക്കാത്ത അവൾ തന്റെ ഏക ആശ്രയമായ തൃച്ചംബരത്തപ്പനു മുന്നിൽ ഹൃദയം പൊട്ടിക്കരഞ്ഞു. മുമ്പ് വൃന്ദാവനത്തിൽ രാധയെ കൈവിട്ട പാപഭാരമാകാം തൃച്ചബരത്തപ്പന് രണ്ടാമതൊന്ന് ആലോചിക്കാനാകുമായിരുന്നില്ല. പെരുഞ്ചെല്ലൂരിലെ പ്രിയ രാധയെ രണ്ട് കൈകളും നീട്ടി തൃച്ചംബരത്തപ്പൻ ചേർത്ത് പിടിച്ചു. മറ്റൊരാൾക്കും അടർത്തിമാറ്റാനാകാത്ത വിധം തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി. തന്റേത് മാത്രമാക്കി. എന്നും കാണുന്ന വിധം തൃച്ചബരത്തപ്പന്റെ എതിർവശത്ത് തന്റെ മണാട്ടിക്കുട്ടിയെ ഇരുത്തി. തൃച്ചംബരം ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് തന്നെ പടിഞ്ഞാറോട്ട് നടയായി മണാട്ടിയറ എന്നറിയപ്പെടുന്ന ഒരു കുഞ്ഞു ശ്രീകോവിലിൽ തൃച്ചംബരത്തപ്പന്റെ പ്രിയസഖിയായി പാലോർത്തെ ആ മണാട്ടിക്കുട്ടിയെ ശ്രീ ഭഗവതിയുടെ രൂപത്തിൽ ഇന്നും കാണാം…

കഥയിൽ നിന്ന് കാര്യത്തിലേക്ക് കടക്കാമിനി.15ാം നൂറ്റാണ്ടിൽ തൃച്ചംബരത്തപ്പനെ സ്തുതിച്ച് കൊണ്ടെഴുതിയ ഒരു മണിപ്രവാള കാവ്യമാണ് ”കനകകിരീടം പാട്ട്”. നിലവിൽ ലഭ്യമല്ലാത്ത ഈ ഗ്രന്ഥത്തെക്കുറിച്ച് ഉള്ളൂർ എസ്.പരമേശ്വര അയ്യരുടെ കേരള സാഹിത്യ ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. തൃച്ചംബരത്ത് ഉത്സവക്കാലത്ത് നടക്കുന്ന സമ്പ്രദായങ്ങൾ അതേ വിധത്തിലുള്ള കുട്ടിക്കളികളായിട്ടാണത്രേ ഈ കൃതിയിൽ കൊടുത്തിരിക്കുന്നത് എന്ന് ഉള്ളൂർ പറയുന്നുണ്ട്.

”ഈ വണ്ണം കളിച്ചങ്ങ് തൃച്ചംമ്മരത്ത് പുക്ക
ചെന്താമരക്കണ്ണാ ഞാൻ കൈതൊഴുന്നേൻ..
കുംഭമാസം തോറും ബലഭദ്ര രോട് കൂടെ പൂക്കോത്ത് നടയിലെഴുന്നള്ളിടേണം…”

തൃച്ചംബരത്ത് പൂക്കോത്ത് നടയിൽ എല്ലാവർഷവും കുംഭമാസത്തിൽ നടക്കുന്ന തൃച്ചംബരത്ത് ഉത്സവത്തേത്തന്നെയാണ് ശ്രീകൃഷ്ണ ലീലകളുടെ ഭാവത്തിൽ ഈ കൃതിയിൽ അവതരിപ്പിക്കുന്നത് എന്നത് മുകളിലെ വരികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നാൽ കനകകിരീടം പാട്ടിൽ പറയുന്ന ഏറ്റവും കൗതുകകരമായ ഒരു കാര്യം ഇതൊന്നുമല്ല. രാസക്രീഡയ്ക്ക് ശേഷമാണ് തൃച്ചംബരത്തപ്പൻ ഏട്ടനും, മറ്റ് കൂട്ടുകാർക്കുമൊപ്പം കളികൾക്ക് ഇറങ്ങുന്നത് എന്നാണ്. ഉള്ളൂരിന്റെ ഈ നിരീക്ഷണമാണ് ഈ കുറിപ്പന്നാധാരം. കള്ള കൃഷ്ണന്റെ കള്ളത്തരത്തിന്റെ കഥ.

ഈ കഥയിലെ കാര്യത്തെ പരിശോധിച്ചാൽ തൃച്ചംബരത്ത് ഉത്സവക്കാലത്ത് മാത്രം നടക്കുന്ന അതീവ രസകരമായ ഒരു ചടങ്ങിന്റെ ചുരുളഴിയും. തൃച്ചംബരത്തപ്പന്റെ രാസക്രീഡയുടെ കഥയാണത്. എന്നും തൃച്ചംബരത്തപ്പൻ ഉത്സവത്തിനിറങ്ങുന്നത് അത്യപൂർവ്വമായ രാധാ സമാഗമത്തിനു ശേഷമാണ് എന്ന രഹസ്യത്തിന്റെ ചുരുൾ. എന്നും കളിക്കാൻ എത്തുന്ന ഏട്ടനറിയാതെ, പ്രിയപ്പെട്ട കൂട്ടുകാർ ആരുമറിയാതെ കണ്ണനെന്നും തന്റെ പ്രിയ രാധ കഴിയുന്ന മണാട്ടിയറയിൽ എത്തും. മറ്റാരുമറിയാതെ പ്രണയ പരവശയായ തന്റെ മണാട്ടിക്കുട്ടിക്കൊപ്പം തനിച്ച് അൽപ്പനേരം ചിലവഴിക്കും. ഒറ്റപ്പാത്രത്തിൽ നിന്ന് ഭക്ഷണം (നിവേദ്യം) പങ്കിട്ട് കഴിക്കും; രാധാകൃഷ്ണ സങ്കൽപ്പത്തിന്റെ പൂർണ്ണതയെ പ്രാപിക്കും. പിന്നെ ഒരു കള്ളച്ചിരിയുമായി പുറത്തിറങ്ങും. ഏട്ടനൊപ്പം, കൂട്ടുകാർക്കൊപ്പം, പരിവാരങ്ങൾക്കൊപ്പം കളിച്ച് തിമർക്കും. ആ കളി കണ്ട് നിൽക്കുന്ന ഓരോരുത്തരേയും തന്നിലേക്ക് വലിച്ചടുപ്പിക്കും. പരമാനന്ദത്തിന്റെ പരകോടിയിലേക്കുയർത്തും. (തൃച്ചംബരം ഉത്സവക്കാലത്ത് എല്ലാ ദിവസവും പുറത്തേക്ക് എഴുന്നള്ളിക്കുന്നതിന് മുമ്പ്, മേൽപ്പറഞ്ഞ മണാട്ടിയറയിൽ ഭഗവതിക്ക് അഭിമുഖമായി തൃച്ചംബരത്തപ്പന്റെ തിടമ്പ് എഴുന്നള്ളിച്ച് വയ്ക്കും. പിന്നെ ഒറ്റപ്പാത്രത്തിൽ നിന്ന് രണ്ടു പേർക്കും നിവേദിക്കും. അത് കഴിഞ്ഞ ശേഷം മാത്രമാണ് ബലഭദ്ര സ്വാമിയെ എഴുന്നള്ളിക്കുന്നത്.)

കൃഷ്ണാ തൃച്ചംബരത്തപ്പാ കള്ളനെന്നല്ലാതെ മറ്റെന്താ നിന്നെ ഞങ്ങൾ വിളിക്കേണ്ടത്..? നീ കട്ടെടുക്കുന്നത് ഞങ്ങളുടെ ഓരോരുത്തരുടേയും മനസല്ലേ. പക്ഷേ, എനിക്കറിയാം നിന്റെ കള്ളത്തരം. മണാട്ടിക്കുട്ടിക്കൊപ്പമുള്ള നിന്റെ കുസൃതികൾ. അതല്ലെ കൃഷ്ണാ, ഇന്ന് പൂക്കോത്ത് നടയിൽ വച്ച് നീ കള്ളക്കണ്ണിട്ട് എന്നെ നോക്കി ചിരിച്ചതിനർത്ഥം…?